വയനാട്ടിൽ ഉടൻ ഉപതിരഞ്ഞെടുപ്പില്ല
March 29 | 02:51 PM
ന്യൂഡൽഹി: വയനാട്ടിൽ ഉടൻ ഉപതിരഞ്ഞെടുപ്പില്ല. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയതിനെ തുടർന്ന് വയനാട്ടിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും എന്ന് സൂചനയുണ്ടായിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നായിരുന്നു സൂചന. എന്നാൽ കർണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ വയനാട് പരാമർശിച്ചതേയില്ല. ഇതോടെ ഉടൻ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന കാര്യം ഉറപ്പായി. വയാനാടിനെ കുറിച്ചുള്ള ചോദ്യത്തിന് ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതി എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻറെ വിശദീകരണം.
കർണാടകയിലെ കോലാറിൽ 2019 ൽ ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. സൂറത്തിലെ ചീഫ് മെട്രോ പോളിറ്റൻ കോടതിയാണ് അദ്ധേഹത്തിൻറെ എംപിസ്ഥാനം റദ്ദാക്കിയത്. തുടർന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു. കീഴ് കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.അയോഗ്യനാക്കിയതിന് പിന്നാലെ തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോക്സഭാ ഹൗസിങ് കമ്മിറ്റി രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം തന്നെ ഏപ്രില്‍ 22 ന് മുമ്പായി വസതി ഒഴിയാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയും ചെയ്തു.2004 ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും വിജയിച്ചത് മുതല്‍ തുടര്‍ച്ചയായി രാഹുല്‍ ഈ വസതിയിലാണ് തുടരുന്നത്.