ഇടുക്കിയിൽ വീട്ടമ്മയെ കത്തിച്ചു കൊലപ്പെടുത്തിയ കേസ്; അയൽവാസി പിടിയിൽ
November 27 | 12:27 AM
തൊടുപുഴ: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി പിടിയിൽ. വെട്ടിയാങ്കൽ സജി എന്ന തോമസിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അതിനിടെ കൊലപാതകം മോഷണത്തിനിടെ നടന്ന കുറ്റകൃത്യമെന്നു പൊലീസ് സ്ഥിരീകരിച്ചു. വീട്ടമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പൊലീസ് പറയുന്നു. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അയൽവാസി പിടിയിലായത്.
നാരകക്കാനം കുമ്പിടിയാമ്മാക്കൽ ചിന്നമ്മ ആന്റണിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണു കുറ്റവാളി വീട്ടിലെത്തി കൃത്യം നടത്തിയതെന്നാണു കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രദേശവാസികളെയും അതിഥിത്തൊഴിലാളികളെയും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്തിരുന്നു. മൊബൈൽ ലൊക്കേഷനും ഫോൺ വിളികളും കേന്ദ്രീകരിച്ചായിരുന്നു മുഖ്യമായി അന്വേഷണം നടന്നത്.