കറുത്ത കാറിൽ ബ്ലാക്ക് ക്യാറ്റ്സിന്റെ സംരക്ഷണയിൽ പോകുമ്പോഴും മുഖ്യമന്ത്രിക്ക് കറുപ്പ് ഭയം: എം.എം ഹസൻ
February 23 | 12:24 PM
തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ വെറുപ്പെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കറുപ്പ് കണ്ടാൽ വിരണ്ടോടുന്ന കാളയെ പോലെയാകുകയാണ് മുഖ്യമന്ത്രി. കറുത്ത കാറിൽ കറുത്ത വസ്ത്രമണിഞ്ഞ ബ്ലാക്ക് ക്യാറ്റ്സിന്റെ സംരക്ഷണയിൽ പോകുമ്പോഴും മുഖ്യമന്ത്രിക്ക് കറുപ്പ് ഭയമാണെന്നും എം.എം ഹസൻ പറഞ്ഞു.
നികുതി വർധനയക്കെതിരായ യൂത്ത് കോൺഗ്രസ് സമരത്തെ മൃഗീയമായി അടിച്ചൊതുക്കാനാണ് ശ്രമം. യൂത്ത്കോൺഗ്രസുകാർക്കെതിരെ പൊലീസ് ക്രൂരമായി മർദിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലുന്നത് തുടർന്നാൽ തെരുവിലിറങ്ങുമെന്നും എം.എം ഹസൻ മുന്നറിയിപ്പ് നൽകി. ക്ലിഫ് ഹൗസിന് മുന്നിൽ കഴിഞ്ഞ ദിവസം സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് തല്ലിയത്. ഒരു പ്രവർത്തകന് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇരട്ടച്ചങ്കൻ എന്നാണ് മുഖ്യമന്ത്രിയെ സഖാക്കൾ വിളിക്കുന്നത്. അദ്ദേഹത്തിന് ഒരു ചങ്ക് തന്നെയുണ്ടോ എന്ന് സംശയമാണെന്നും മുഖ്യമന്ത്രി പേടിത്തൊണ്ടനാണെന്നും യുഡിഎഫ് കൺവീനർ പരിഹസിച്ചു.