ചാൻസലർ ബില്ലിൽ ഗവർണർ നിയമോപദേശം തേടി
December 27 | 03:59 PM
തിരുവനന്തപുരം: സർവകലാശാല ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്ന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിങ് കോൺസലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്. നിയമസഭ പാസ്സാക്കിയ നിയമം നിലനിൽക്കുമോയെന്ന് പരിശോധിക്കാനാണ് നിർദേശം. ഉന്നത വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽപ്പെട്ടതാണെന്നും, സർവകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഗവർണർ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ പ്രാഥമികമായി നിയമോപദേശം തേടിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനുവരി മൂന്നിനാണ് കേരളത്തിൽ തിരിച്ചെത്തുക. ഇതിനുശേഷം ബിൽ രാഷ്ട്രപതിക്ക് അയക്കണോ എന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കും.