ബഫര്‍ സോണ്‍: 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടി കേരളം സുപ്രീംകോടതിയെ സമീപിച്ചു
January 9 | 03:05 PM
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേരളം. കേന്ദ്രം നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഹർജി സമർപ്പിച്ചിരുന്നു. ഇത്തരം ഇടങ്ങളിലെ ജനവാസമേഖലകളിൽ ഇളവ് അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ അവശ്യം. കേന്ദ്രസർക്കാർ ഹർജിയെ പിന്തുണച്ചാണ് കേരളത്തിന്റെ അപേക്ഷ. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് പരിഷ്കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ അപേക്ഷ ജനുവരി പതിനൊന്നിനാണ് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുന്നത്.