സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉടൻ സി.സി.ടി.വി ക്യാമറ സ്ഥാപിക്കും: മുഖ്യമന്ത്രി
November 12 | 03:57 PM
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉടൻ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷനുകളുടെ പ്രവർത്തനം പരിപൂർണമായി നിരീക്ഷിക്കപ്പെടാനാണ് ക്യാമറ സ്ഥാപിക്കുന്നത്. 18 മാസം വരെ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും. ഇടതു സർക്കാർ വന്നതിന് ശേഷം പോലീസിൻ്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മാതൃകപരമായ പ്രവർത്തനങ്ങളാണ് പോലീസിൽ നിന്ന് ഉണ്ടാകുന്നത്. എന്നാൽ വിരലിൽ എണ്ണാവുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്നുണ്ട്. പോലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തികൾ ചെയ്യുന്നവരോട് യാതൊരു ദയയും ഉണ്ടാകില്ല. അത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത പോലീസിന് ഇല്ല.
പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർ തുടർന്ന് സേനയിൽ ഉണ്ടാകില്ല. പോലീസുകാർക്ക് നല്ല ക്ഷമയുണ്ടാകണം. ഏത് സാഹചര്യത്തിലും ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് ഇടപെടുമ്പോൾ ക്ഷമ ഉണ്ടാകണം. പോലീസുകാരുടെ വാക്കും പ്രവർത്തിയും കരുതലോടെയാകണമെന്നും പോലീസ് കൂടുതൽ ജനകീയമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.