എലത്തൂര്‍ ട്രെയിൻ ആക്രമണം: വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്
April 4 | 04:08 PM
തിരുവനന്തപുരം: എലത്തൂരില്‍ യാത്രക്കാര്‍ക്ക് നേരെ ട്രെയിനിൽ വെച്ച് ആക്രമണം ഉണ്ടായ സംഭവത്തില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. കേസില്‍ ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണ്. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി റെയില്‍വേ പൊലീസ് നോയിഡയിലെത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാര്‍ഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് റെയില്‍വേ പൊലീസ് നോയിഡയിലെത്തിയത്. പ്രതിയുടെ രേഖാചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.
അതേസമയം എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ എന്‍ഐഎ പരിശോധന ആരംഭിച്ചു. കൊച്ചി, ബെംഗളൂരു യൂണിറ്റില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് കണ്ണൂരിലെത്തി അന്വേഷണം നടത്തിയത്. തീ പിടുത്തമുണ്ടായ കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി1, ഡി2 ബോഗികളാണ് എന്‍ഐഎ സംഘം പരിശോധിച്ചത്.