ഭാരത് ജോഡോ യാത്രയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്: കെ.സി വേണുഗോപാല്‍
December 24 | 01:20 PM
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ചിന്ത മാറുന്നതിനാല്‍ എന്ത് വില കൊടുത്തും ഭാരത് ജോഡോ യാത്രയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യാത്രയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് കൂടുമെന്ന് ഉറപ്പാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാത്ര തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ.സി വേണുഗോപാല്‍.
‘തീര്‍ച്ചയായും, താഴെതട്ട് മുതല്‍ മേല്‍തട്ട് വരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം വളരെ ആവേശത്തിലാണ്. പ്രവര്‍ത്തകര്‍ മാത്രമല്ല, യാത്രയില്‍ ചേരാന്‍ സാധാരണ മനുഷ്യര്‍ വരെ മുന്നോട്ട് വരുന്നുണ്ട്. കൂടുതല്‍ പ്രധാനപ്പെട്ട കാര്യം, ബിജെപിയും ആര്‍എസ്എസും രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള വ്യാജ പ്രതിച്ഛായ തകര്ന്നുവെന്നുള്ളതാണ്. ജനങ്ങള്‍ യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയെ കാണുകയാണ്’, അദ്ദേഹം പറഞ്ഞു. 'യാത്രയുടെ സ്വാധീനം ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടിലും കാണാം. എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങളുടെ വോട്ട് മെച്ചപ്പെടും.
ഉദാഹരണത്തിന് ആന്ധ്രപ്രദേശിലേക്ക് നോക്കൂ. അവിടെ ഞങ്ങള്‍ക്ക് മെച്ചപ്പെട്ട സംഘടനാ സംവിധാനമല്ല ഉള്ളത്. എന്നിട്ടും അവിടെ യാത്ര വന്‍വിജയമായിരുന്നു. ഇത് കാണിക്കുന്നത് രാജ്യത്തിന്റെ മനോഭാവം മാറുന്നുവെന്നാണ്'- കെസി വേണുഗോപാല്‍ പറഞ്ഞു.