തലശ്ശേരിയില്‍ ആറു വയസ്സുകാരനെ ചവിട്ടിയ സംഭവത്തിൽ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
November 18 | 03:41 PM
തലശ്ശേരി: രാജസ്ഥാന് സ്വദേശിയായ ആറു വയസ്സുകാരനെ യുവാവ് അതിക്രൂരമായി ചവിട്ടിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായ മുഹമ്മദ് ഷഹ്ഷാജിനെതിരെ നരഹത്യാശ്രമ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
എ.സി പി.എ.വി ബാബുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്. തന്റെ കാറില്‍ ചാരിനിന്ന കുട്ടിയെ പൊന്ന്യം സ്വദേശി മുഹമ്മദ് ഷഹ്ഷാദ് എന്നയാള്‍ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കാര്‍ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. സംഭവം വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ആരംഭിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിക്കയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.