മലയാള സിനിമയുടെ ആദ്യ നായികയ്ക്ക് ഗൂഗിളിന്റെ ആദരം
February 10 | 08:12 AM
മലയാള സിനിമിയുടെ ആദ്യ നായിക പി.കെ റോസിയുടെ 120-ാം ജന്മവാര്ഷിക ദിനത്തില്‍ പ്രത്യേക ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍. 1903-ല്‍ ഇതേദിവസം തിരുവനന്തപുരത്തായിരുന്നു രാജമ്മ എന്ന പി.കെ റോസിയുടെ ജനനം. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി. കെ. റോസി. അവര്‍ണരെന്ന് മുദ്രകുത്തി എല്ലായിടത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്ന ഒരു ജനസമൂഹത്തില്‍ നിന്നും വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ടു വന്ന കലാകാരിയായിരുന്നു. പി.കെ റോസി .
ആദ്യമലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദളിത് ക്രിസ്ത്യന്‍ വനിത കൂടിയായി അവര്‍ മാറി. 1928ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ഡാനിയേൽ ആണ്.