കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു
December 20 | 10:05 AM
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ച മൂന്ന് പേരും ലഷ്കർ ഇ തൊയ്ബ ഭീകരരാണ്.
ഷോപ്പിയാനിലെ മുഞ്ജ് മാർഗ് ഏരിയയിൽ വച്ചാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എകെ 47, രണ്ട് പിസ്റ്റളുകൾ എന്നിവ കണ്ടെടെുത്തു.
കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട ഷോപ്പിയാൻ ജില്ലയിലെ ലത്തീഫ് ലോൺ എന്നയാളാണ് ഒരു ഭീകരൻ. മറ്റൊരാൾ നേപ്പാൾ സ്വദേശിയായ ബഹദൂർ ഥാപ്പയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട അനന്ത്നാഗിലെ ഉമർ നസീറുമാണെന്ന് കശ്മീർ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പറഞ്ഞു.