പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി
December 6 | 12:26 PM
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് പരാതി നൽകി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്ന് ആരോപിച്ചാണ് മോദിക്കെതിരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി പതാകയും കാവി സ്കാർഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ് ലീഗൽ സെൽ ചെയർമാൻ യോഗേഷ് റവാണി നൽകിയ പരാതിയിൽ ആരോപിച്ചു. പ്രധാനമന്ത്രി മോദിക്ക് പോളിംഗ് ബൂത്തിന്റെ ഗേറ്റിൽ തന്നെ ഇറങ്ങാമായിരുന്നു. പക്ഷേ, അദ്ദേഹം ബൂത്ത് എത്തും മുമ്പേ ഇറങ്ങി നടക്കുകയും വഴിയിൽ ആളുകളുമായി സംവദിക്കുകയും ചെയ്തെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ച് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കുകയുമാണ് മോദി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പരാതിക്കാരൻ പറഞ്ഞു.