പോർച്ചുഗലിനെ തകർത്ത് മൊറോക്കോ ലോകകപ്പ് സെമിയിൽ
December 11 | 01:58 AM
ദോഹ: ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ പോർച്ചുഗലിനെ തകർത്ത് മൊറോക്കൻ പടയോട്ടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ മൊറോക്കോ തോൽപ്പിച്ചത്. 42 ആം മിനിറ്റിൽ യൂസഫ് എൻ നെസറിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. അമ്പത്തിയൊന്നാം മിനുട്ടിൽ കൃസ്റ്റ്യാനോ ഇറങ്ങിയിട്ടും പോർച്ചുഗലിനെ സെമിയിലെത്തിക്കാനായില്ല.
പ്രീ ക്വാർട്ടറിൽ ശക്തരായ സ്പെയിനിനെ തകർത്ത് എത്തിയ മൊറോക്കൻ പടയ്ക്ക് മുന്നിൽ കൃസ്റ്റ്യാനോ റൊണോൾഡോയും അടിപതറി. ഏതാനും മുന്നേറ്റങ്ങൾ പോർച്ചുഗലിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ മൊറോക്കൻ ടീം അതിനെ മറികടന്നു. ഗോള്‍കീപ്പര്‍ യാസ്സിന് ബോനോയുടെ പ്രകടനവും ഇതിനൊപ്പം ചേർത്തു പറയേണ്ടതാണ്. അറ്റ്ലസ് സിംഹങ്ങൾ എന്ന വിളിപ്പേര് അന്വർത്ഥമാക്കുന്ന പ്രകടനമാണ് ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ മൊറോക്കോ കാഴ്ച്ചവെച്ചത്.
ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല.
അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോയുടെ കരഞ്ഞു കൊണ്ടുള്ള മടക്കം ഖത്തർ ലോകകപ്പിലെ മായാത്ത കാഴ്ച്ചകളിൽ ഒന്നാകും.