ക്രിസ്റ്റ്യാനോ നായകൻ; ഖത്തർ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് പോർച്ചുഗൽ
November 11 | 09:06 AM
ലിസ്ബൺ: ക്രിസ്റ്റ്യാനോ നായകനായി ഖത്തർ ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പോർച്ചുഗൽ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം നാടിനായൊരു ലോകകിരീടം നേടിക്കൊടുക്കാനുള്ള സുവർണാവസരമാണിത്.
ദോഹയിലേക്ക് ലോക ഫുട്ബോൾ മാമാങ്കത്തിനായി പറക്കുന്ന ക്രിസ്റ്റ്യാനോയ്ക്കൊപ്പം പറങ്കിപ്പടയുടെ കിരീടസ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ശക്തരായ യുവനിരയുമുണ്ട്. സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പെപെ, ജുവ ഫെലിക്സ്, റാഫേൽ ലിയോ, ആൻഡ്രെ സിൽവ എന്നിവരെല്ലാം ടീമിൽ ഇടമുറപ്പിച്ചു. അതേസമയം ശ്രദ്ധേയരായ താരങ്ങൾ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്.
പി.എസ്.ജി മധ്യനിരക്കാരൻ റെനാറ്റോ സാഞ്ചസ് തന്നെയാണ് അക്കൂട്ടത്തിൽ പ്രധാനി. ലിവർപൂൾ മുന്നേറ്റ നിരയിലെ ഡിയോഗോ ജോട്ടയും ടീമിലില്ല. പരിക്കാണ് ജോട്ടയ്ക്ക് തിരിച്ചടിയായത്.
ലോകകപ്പ് കിരീടം ഇനിയുംപോർച്ചുഗലിന് കിട്ടാക്കനിയായി തുടരുകയാണ്. കിരീട വരൾച്ചയ്ക്ക് ക്രിസ്റ്റിയാനോയ്ക്ക് അന്ത്യംകുറിക്കാനാകുമോ എന്നാണ് ഫുട്ബോള് ആരാധകർ ഉറ്റുനോക്കുന്നത്.