ധനുഷ്ക ഗുണതിലകെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍
November 6 | 03:29 PM
സിഡ്നി: ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗം ധനുഷ്ക ഗുണതിലകെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. സിഡ്നി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. യുവതി നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം സിഡ്നിയില്‍ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ഗുണതിലകെ ഇല്ലാതെ ശ്രീലങ്കന്‍ ടീം ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29 വയസുകാരിയാണ് പരാതിക്കാരി. സിഡ്നിയിലെ റോസ്ബേയില്‍ ഒരു വീട്ടില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. നവംബര്‍ രണ്ടിനാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. സിഡ്നിയില്‍ ടീം താമസിച്ച ഹോട്ടലില്‍വെച്ചാണ് ഗുണതിലകെയെ കസ്റ്റഡിയില്‍ എടുത്തത്.
സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കം താരത്തിനെതിരേ നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.