എംപി ആണെങ്കിലും അല്ലെങ്കിലും കൂടെ ഉണ്ടാകും; വയനാട്ടിലെ വോട്ടർമാരെ കാണാൻ രാഹുലെത്തുന്നു
March 31 | 03:29 PM
കൽപ്പറ്റ: ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. രാഹുലെത്തുന്ന തീയതി അന്തിമമായിട്ടില്ല. ഏപ്രിൽ അഞ്ചിന് എത്തുമെന്നാണ് വിവരം.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്ന് വയനാട്ടിലെത്തും. സന്ദർശനത്തിന് മുമ്പായി മണ്ഡലത്തിലെ എല്ലാ വീടുകളിലും കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കത്ത് നൽകും. കത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളോടുളള ഹൃദയബന്ധം പ്രതിപാദിക്കുന്ന കത്തിൽ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുളള മോദി സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുണ്ട്.
എംപി ആണെങ്കിലും അല്ലെങ്കിലും കൂടെ ഉണ്ടാകും എന്ന ഉറപ്പ് വോട്ടർമാർക്ക് നൽകിയാണ് കത്ത് ഉപസംഹരിക്കുന്നത്. വൈകാരികമായ അന്തരീക്ഷത്തിൽ വൻ സമ്മേളനം വയനാട്ടിൽ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.