പെരിയ ഇരട്ടക്കൊല കേസ് പ്രതികളെ കണ്ണൂർ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റണം; സിബിഐ കോടതി ഉത്തരവ്
November 22 | 09:25 PM
കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസ് പ്രതികളെ ജയിൽ മാറ്റാൻ സിബിഐ കോടതി ഉത്തരവ്. കണ്ണൂരിൽ നിന്നും വിയ്യൂരേക്കാണ് പ്രതികളെ മാറ്റുന്നത്. പ്രതി പീതാംബരന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. കോടതിയറിയാതെ ആയുർവ്വേദ ചികിത്സ നൽകിയതിന് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് കോടതിയിൽ മാപ്പ് പറയുകയും ചെയ്തു. പീതാംബരൻ്റെ ആരോഗ്യ നില പരിശോധിക്കാൻ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകി. ചട്ടവിരുദ്ധമായി പ്രതി എ. പീതാംബരന് ചികിത്സ അനുവദിച്ചതോടെയാണ് കോടതി കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. ജയിൽ സൂപ്രണ്ട് ആർ. സാജൻ മറ്റൊരു കേസിൽ സസ്പെൻഷനിലായതിനാൽ
ജോയിൻ്റ് സൂപ്രണ്ട് നസീം ആണ് കോടതിയിൽ ഹാജരായത്. കോടതിയുടെ അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിത്സ അനുവദിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ നടത്തിയത്.