ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മുനീര്‍; അന്തിമ വിധി വരുന്ന വരെ സര്‍ക്കാരിന് ആശ്വസിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി
March 31 | 03:27 PM
കോഴിക്കോട്: ദുരിതാശ്വസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഇനിയും കസേരയില്‍ കടിച്ചുതൂങ്ങുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പരാമര്‍ശം ഉണ്ടായാല്‍ രാജിവെക്കാമെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. ലോകായുക്തയുടെ ചിറകരിയാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും ഇതിനായുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ കാത്തിരിക്കുകയാണെന്നും എം.കെ മുനീര്‍ പറഞ്ഞു.
സുതാര്യമായ രീതിയിലല്ല ഫണ്ട് വിനിയോഗമുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗമുണ്ട് എന്ന് യുഡിഎഫ് നേരത്തെ ഉന്നയിച്ചതാണ്. അങ്ങനെ ഇല്ല എന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. സര്‍ക്കാരിന് ആശ്വസിക്കാനാവില്ല. അന്തിമ വിധി വരട്ടേയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസില്‍ വിധി വന്നിട്ടില്ലെന്നും ഭിന്നാഭിപ്രായമാണ് ഉണ്ടായതെന്നും പിഎംഎ സലാമും ചൂണ്ടിക്കാട്ടി. യുഡിഎഫ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.