'സൃഷ്ടിയും സംഹാരവുമെല്ലാം മാധ്യമങ്ങള്‍ തന്നെ'; താക്കീതിനെക്കുറിച്ച് അറിയില്ലെന്ന് എം.കെ രാഘവന്
March 11 | 05:12 PM
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ കെപിസിസി അയച്ചെന്ന് പറയുന്ന കത്തിനെക്കുറിച്ച് അറിയില്ലെന്ന് എം.കെ രാഘവന് എംപി. തനിക്ക് കെപിസിസി അദ്ധ്യക്ഷന്‍ കത്തയച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയത്തെക്കുറിച്ച് അറിയാത്തതിനാല്‍ കൂടുതലൊന്നും പ്രതികരിക്കാനില്ല. സൃഷ്ടിയും സംഹാരവുമെല്ലാം മാധ്യമങ്ങളാണെന്നും എം.കെ രാഘവന് പറഞ്ഞു. എം.കെ രാഘവനും കെ മുരളീധരനും കെപിസിസി അദ്ധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്തയോടാണ് പ്രതികരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നായിരുന്നു എംകെ രാഘവന്റെ വിമര്‍ശനം. പരാമര്‍ശത്തെ പിന്തുണച്ച് കെ മുരളീധരനും രംഗത്തെത്തി. തുടര്‍ന്നാണ് ഇരുവര്‍ക്കും കെപിസിസി കത്തയച്ചത്. കെപിസിസി അദ്ധ്യക്ഷന്‍ അയച്ച കത്ത് ലഭിച്ചിട്ടില്ലെന്നാണ് കെ മുരളീധരനും പ്രതികരിച്ചത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണം, നിങ്ങളുടെ സേവനം ഇനി പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് പറഞ്ഞാല്‍ അത് ചെയ്യുമെന്നും മുരളീധരന് നിലപാട് വ്യക്തമാക്കിയിരുന്നു.