സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല;പി ആർ ഡി അറിയിപ്പുകൾ
November 12 | 07:57 AM
സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല
കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ വി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സംരംഭകത്വവും നവീന സംരംഭാശയങ്ങളും എന്ന വിഷയത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന് സെമിനാര്‍ അവതരിപ്പിച്ചു. വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തി ഉപജില്ല വ്യവസായ ഓഫീസര്‍ കെ അരവിന്ദാക്ഷന് വിഷയ ക്രോഡീകരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പി മുഹമ്മദ് റഫീഖ്, പ്രേമ സുരേന്ദ്രന്, സെക്രട്ടറി കെ വി സുനില്‍ കുമാര്‍, കല്യാശ്ശേരി വ്യവസായ വികസന ഓഫീസര്‍ ആര് കെ സ്മിത തുടങ്ങിയവര്‍ സംസാരിച്ചു. 100 ലധികം സംരംഭകര്‍ ശില്പശാലയില് പങ്കെടുത്തു.
ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസമേകി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്
ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ചികിത്സ സഹായ പദ്ധതിയുമായി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ഒരു വര്‍ഷത്തേക്ക് ആവശ്യമായ ഡയാലിസിസ് കിറ്റും മരുന്നുകളും സൗജന്യമായി നല്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക സര്‍വേ നടത്തിയാണ് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ അര്‍ഹതപ്പെട്ട 136 പേര്‍ക്കാണ് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത്. ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ ആറുമാസം വിതരണം ചെയ്യാനുള്ള മരുന്നുകള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കും സമാന രീതിയില്‍ മരുന്ന് വിതരണം ചെയ്യാനുള്ള ആലോചനയിലാണ് ബ്ലോക്ക് പഞ്ചായത്ത്. ചികിത്സ ചെലവ് കണ്ടെത്താന്‍ പല കുടുംബങ്ങളും പ്രയാസപ്പെടുന്നതിനാലാണ് ഇത്തരമൊരു ആശയം നടപ്പാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് പറഞ്ഞു.
ഗതാഗത നിയന്ത്രണം
പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പ ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നവംബര്‍ 14 മുതല്‍ രണ്ടാഴ്ചത്തേക്ക് നിരോധിച്ചതായി എല്‍ എസ് ജി ഡി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വായ്പ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍; ജില്ലാതല ഉദ്ഘാടനം
മത്സ്യത്തൊഴിലാളികളുടെ വായ്പ കുടിശ്ശിക തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മത്സ്യ ഫെഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 12 ശനി രാവിലെ 10 മണിക്ക് രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിക്കും. തയ്യില്‍ ശ്രീ കുറുംബ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിക്കും.
പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ക്ക് പെന്ഷന് അപേക്ഷിക്കാം
പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗങ്ങളായ പ്രവാസികള്‍ക്ക് അറുപത് വയസ് പൂര്‍ത്തിയായാല്‍ പെന്ഷന് അപേക്ഷിക്കാം. www.pravasikerala.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 18 മുതല്‍ 60 വയസ് വരെയുള്ളവര്‍ക്കാണ് പ്രവാസി ബോര്‍ഡില്‍ അംഗത്വമെടുക്കാനാവുക. 60 വയസ് പൂര്‍ത്തിയായാല്‍ അംഗത്വമെടുക്കാനാകില്ല. 55 വയസിന് മുമ്പ് അംഗത്വമെടുത്തവര്‍ക്ക് 60 വയസ് മുതലും 55 മുതല്‍ 60 വയസ് വരെ അംഗത്വമെടുത്തവര്‍ക്ക് അഞ്ച് വര്‍ഷം പൂര്ത്തിയാകുമ്പോഴുമാണ് പെന്ഷന് അനുവദിക്കുകയെന്നും പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഫോണ്‍: 0495 2304604.
ഭരണാനുമതി
കെ വി സുമേഷ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 2.50 ലക്ഷം രൂപ വിനിയോഗിച്ച് പൊടിക്കുണ്ട് ലക്ഷംവീട് കോളനി കിണര്‍ നവീകരണ പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
കെ എസ് ആര് ടി സി ജീവനക്കാരെ അനുമോദിച്ചു
ആദ്യമായി കെ എസ് ആര് ടി സി എട്ട് കോടി 41 ലക്ഷം രൂപ വരുമാനം കൈവരിച്ച് കണ്ണൂര്‍ ഡിപ്പോ കലക്ഷന്‍ ടാര്‍ഗറ്റ് മറികടന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ഡി ടി ഒയുടെ നേതൃത്വത്തില്‍ മികച്ച വരുമാനം നേടാന്‍ പങ്കുവഹിച്ച ജീവനക്കാരെ അനുമോദിച്ചു. രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ ഉപഹാരം നൽകി . കണ്ടക്ടര്‍മാരായ കെ ഷിബിന്‍, എം ജിതിന്, സുധീവ് കൂരാറ, സജിത്ത് കുമാര്‍, ഡ്രൈവര്‍മാരായ വി പി ബിജോയ്, കെ എന്‍ വിനോദ്കുമാര്‍, ടി വി ഷാജി, മനോജ്കുമാര്‍, സ്വിഫ്റ്റ് ബസ് ജീവനക്കാരായ കെ അഖില്‍മോന്‍, എ പി പ്രവീണ്‍ എന്നിവരെയാണ് അനുമോദിച്ചത്.
ഖാദികോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന്
കേരള ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 15ന് രാവിലെ 10.30ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന് ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ഓവര്‍ കോട്ടുകള്‍ വിതരണം ചെയ്യുക. ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എസ് പ്രതാപ് അധ്യക്ഷത വഹിക്കും.
കോഴി വളര്‍ത്തല്‍; അപേക്ഷ ക്ഷണിച്ചു
മൃഗസംരക്ഷണ വകുപ്പും സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷനും ചേര്‍ന്ന് നടപ്പാക്കുന്ന വീട്ടുമുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈടെക് കൂടകളില്‍ അത്യുല്പാദനക്ഷമതയുള്ള മുട്ടയിടാന്‍ പ്രായമായ ബിവി 380 ഇനം കോഴികളെയാണ് വിതരണം ചെയ്യുന്നത്. നഗര ഭവനങ്ങളിലെ മട്ടുപ്പാവുകളിലും ഈ സംവിധാനം ഉപയോഗപ്പെടുത്താം. നവംബര്‍ 20നകം അപേക്ഷ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700184.
സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം 14ന്
ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, ബസുടമകള്‍, തൊഴിലാളി പ്രതിനിധികള്‍ എന്നിവരുടെ യോഗം നവംബര്‍ 14ന് ഉച്ചക്ക് 2.30ന് കലക്ടറുടെ ചേമ്പറില്‍ നടക്കും.
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ എ ബ്ലോക്കിലെ മെസ്സിലേക്ക് ഫ്രിഡ്ജ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 23ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
തത്സമയ പ്രവേശനം
നെരുവമ്പ്രം ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഈ അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 14ന് തത്സമയ പ്രവേശനം നടത്തും. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2871789.
ലേലം/ക്വട്ടേഷന്‍
മാടായി നിരത്തുകള്‍ വിഭാഗം അസി.എഞ്ചിനീയറുടെ കീഴിലുള്ള പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷന് കോലത്തുവയല്‍ വെള്ളിക്കീല്‍ റോഡിലെ എട്ട് മരങ്ങള്‍ മുറിച്ചുകൊണ്ടുപോകാനുള്ള ലേലം
നവംബര്‍ 18ന് രാവിലെ 11 മണിക്ക് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ നിരത്തുകള്‍ ഉപവിഭാഗത്തിന്റെ കണ്ണൂര്‍ കാര്യാലയത്തില്‍ നടത്തും. ക്വട്ടേഷന്‍ നവംബര്‍ 17ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2705305.
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ ഓഫീസ്, അയ്യപ്പന്‍മല, അയ്യപ്പന്‍മല ടവര്‍, പുലിദൈവം കാവ്, വീനസ് ക്ലബ്, എ ആര് കെ കോംപ്ലക്സ്, കനാല്‍ പാലം, പഞ്ചായത്ത് കിണര്‍, പുറത്തില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 12 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.