നിയമന കത്ത് വിവാദം: മേയര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ്റെ നോട്ടീസ്
November 15 | 12:12 PM
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് നോട്ടീസ് അയച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്കിയ പരാതിയിലാണ് നടപടി. മേയര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു പരാതി.
കോര്പറേഷന് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 20നകം മേയര്‍ പരാതിക്ക് രേഖാമൂലം മറുപടി നല്‍കണമെന്ന് നോട്ടീസിലുണ്ട്. ഡിസംബര്‍ രണ്ടിന് ഓണ്‍ലൈന്‍ സിറ്റിംഗിലും ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 19ന് തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേരും. പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 35 ബിജെപി കൗണ്‍സിലര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്.