ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് പറ്റും; തരൂർ നല്ല എം.പി, ബലൂൺ ചർച്ച ആവശ്യമില്ലെന്ന് കെ മുരളീധരൻ
November 23 | 10:09 AM
തിരുവനന്തപുരം: ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ. ആളുകളുടെ വില കുറച്ചുകണ്ടാൽ ലയണൽ മെസിയുടെ അനുഭവമുണ്ടാകും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ, സൂചികൊണ്ട് കുത്തിയാൽ പൊട്ടുമെന്ന വി.ഡി സതീശന്റെ പ്രസ്താവനയോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ല. മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ശശി തരൂർ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലയിൽ മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂൺ ചർച്ചയൊന്നും ഇപ്പോൾ ആവശ്യമില്ല. അത് അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയിൽ കാണേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.