ബജറ്റിലെ നികുതി വർധന: മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും
February 22 | 06:25 AM
തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പടെ ബജറ്റിലെ നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. കളമശേരി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ പ്രവർത്തകരെ മർദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. കരിങ്കൊടി ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ തുടരാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കും, പങ്കെടുക്കുന്ന പൊതുപരിപാടികൾക്കും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. കാസർഗോട്ടെ പരിപാടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി രാത്രിയോടെയാണ് കണ്ണൂർ പിണറായിയിലെ വീട്ടിലേക്കെത്തിയത്. ഇന്ന് മട്ടന്നൂർ വിമാനത്താവളം വഴി തിരികെ മടങ്ങി. വീട്ടിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരകിൽ നിന്നിരുന്ന യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ റോഡിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.