വിദ്യാര്‍ഥികളുടെ കണ്സെഷന് നിയന്ത്രിച്ചേ പറ്റൂയെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്
March 3 | 12:16 PM
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്സെഷന് നിയന്ത്രിച്ചെങ്കില്‍ മാത്രമേ സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്ക്കുകയുളളൂ എന്ന് ജസ്റ്റിസ് എം രാമചന്ദ്രന്. യാത്രാ ഇളവ് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നഷ്ടമാകും എന്ന സൂചനകള്‍ക്കിടെയാണ് ജസ്റ്റിസ് എം രാമചന്ദ്രന് നിലപാട് വ്യക്തമാക്കിയത്. സ്ഥാനമൊഴിയുന്നതിന് മുന്‍പ് ജസ്റ്റിസ് എം രാമചന്ദ്രന് കമ്മീഷന് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്വകാര്യ ബസുടമകള്‍ മാത്രം വിദ്യാര്‍ഥികളെ എന്തിന് സഹിക്കണമെന്നും യഥാര്‍ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും വിദ്യാര്‍ഥികള്‍ നല്‍കണമെന്നും ജസ്റ്റിസ് എം രാമചന്ദ്രന് അഭിപ്രായപ്പെട്ടു. കൂടാതെ യാത്രാ ഇളവ് നല്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ സാമ്പത്തിക സഹായം ആവശ്യമുളള കുട്ടികള്‍ ആരെന്ന കാര്യത്തില്‍ പരിശോധന ഉണ്ടാകണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 12 വര്‍ഷമായി ബസ്/ടാക്സി നിരക്ക് നിശ്ചയിക്കുന്നതിനുളള കമ്മീഷനനായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു ജസ്റ്റിസ് എം രാമചന്ദ്രന്. അദ്ദേഹം സ്ഥാനമൊഴിയുന്നതിന് മുന്‍പാണ് വിദ്യാര്‍ഥികളുടെ വാര്‍ത്താ ഇളവുമായി ബന്ധപ്പെട്ട് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയത്.