കെടിയു വിസി നിയമനം; സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് പരാമർശിച്ച് ഹൈക്കോടതി
November 11 | 10:18 AM
കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെടിയു) യിൽ ഡോ.സിസ തോമസിനെ വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സർക്കാർ ഉന്നയിക്കുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതിയുടെ പരാമർശം. ഗവർണർ നടത്തിയ നിയമത്തിന് എതിരായി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. അതേസമയം സർക്കാരിന്റെ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗവർണർ സാവകാശം തേടി.
സാങ്കേതിക സർവകലാശാല വി.സി നിയമനത്തിലെ അക്കാദമിക മാനദണ്ഡങ്ങൾ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. ഇക്കാര്യത്തിൽ നിയമ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി സത്യവാങ്മൂലം നൽകാൻ ഗവർണറോട് കോടതി നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.