നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥനെ സർക്കാർ പരിപാടിക്ക് സംഭാവന പിരിക്കുന്ന ആളാക്കി മാറ്റിയെന്ന് വി ഡി സതീശൻ
November 9 | 05:02 PM
തൃശ്ശൂർ: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ വേദിയിൽ ജിഎസ്ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകമായി അനുമോദിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏറ്റവുമധികം സ്പോണ്‍സർമാരെ പിടിച്ചുകൊടുത്തതിനാണ് അദ്ദേഹത്തെ ആദരിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. ഇത് ഗുരുതരമായ തെറ്റാണ്. നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥനെ സർക്കാർ പരിപാടിക്ക് സംഭാവന പിരിക്കുന്ന ആളാക്കി മാറ്റി. സര്‍ക്കാര്‍ ചെയ്ത വലിയ കുറ്റകൃത്യമാണ്. ജിഎസ്ടി ഇന്റലിജൻസ് വിഭാഗം എന്ന് കേട്ടാൽ നികുതിവെട്ടിപ്പുകാരുടെ മുട്ട് കൂട്ടിവിറക്കണം. ആ ഇന്റലിജൻസ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തി. തൃശ്ശൂരിൽ ഡിസിസി നേതൃത്വം സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.