തരൂരിന്റെ കപ്പാസിറ്റി പാർട്ടി മനസിലാക്കുന്നു; വിവാദമൊന്നുമില്ലെന്ന് കെ സുധാകരൻ
December 12 | 06:51 AM
കൊച്ചി: ശശി തരൂരിന്റെ കപ്പാസിറ്റി പാർട്ടി മനസിലാക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. എല്ലാ പ്രവർത്തനത്തിനും സ്വാതന്ത്യമുണ്ട്. ചട്ടക്കൂടിന് വിധേയമായി പ്രവർത്തിക്കണം. ഡി സി സി യെ അറിയിക്കാതെ പോയി. ശശി തരൂരിനെ ആർക്കും ഒറ്റപ്പെടുത്താൻ പറ്റില്ല. തരൂർ പാർട്ടിയുടെ അസറ്റാണെന്നും കെ സുധാകരൻ പറഞ്ഞു.
ശിഹാബ് തങ്ങളിന്റെ പാർട്ടി വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. സിപിഎമ്മിന് ലീഗിനോട് പ്രേമമാണെന്നും, എന്നാൽ തിരിച്ചു തോന്നണ്ടെയെന്നും കെ സുധാകരൻ പരിഹസിച്ചു. ലീഗിനെ വർഗീയ പാർട്ടി എന്ന് പറഞ്ഞത് പിണറായിയാണ്. ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ മാറ്റി പറയുന്നു. ഇതിൽ ഏതാണ് നയമെന്ന് സി പി എം വ്യക്തമാക്കണം. പിണറായി വിജയന് എത്തിപ്പിടിക്കാൻ പറ്റാത്ത മാങ്ങ പുളിക്കുമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ പുനസംഘടന ഏതാനും ദിവസത്തിനകം പൂർത്തിയാക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. എഐ സി സി അനുമതി നൽകി. പുതിയ കഴിവുള്ളവരെ കൊണ്ടുവരും. പുനസംഘടന മൂന്ന് മാസത്തിനകം തീർക്കും. പ്രവർത്തിക്കാത്തവരെ മാറ്റും. കഴിവുള്ള പുറത്തു നിൽക്കുന്നവരെ കൂടി പരിഗണിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.