കണ്ണൂരിൽ ഹരിത ക്രിസ്തുമസ്;പി ആർ ഡി അറിയിപ്പുകൾ
December 2 | 05:41 AM
കണ്ണൂരിൽ ഹരിത ക്രിസ്തുമസ്
പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഹരിത ചട്ടങ്ങൾ പാലിച്ച് നടത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ ആഘോഷങ്ങളിലും ഘോഷയാത്ര യാത്രയിയിലും ഉപയോഗിക്കില്ല. പുൽക്കൂടുകൾ പ്രകൃതി സൗഹൃദ വസ്തുക്കളാൽ നിർമ്മിക്കും. വീടുകളും ആരാധനാലയങ്ങളും മുൻകുട്ടി ശുചീകരിക്കും. പേപ്പർ ഗ്ലാസ് ഉപയോഗിക്കില്ല. ഇടവക പരിധിയിലെ വീടുകളിൽ മാലിന്യങ്ങൾ തീയിടുന്നത് ഒഴിവാക്കും. അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറും. സേനയ്ക്കുള്ള യൂസർ ഫീ ഉറപ്പ് വരുത്തും. ഹരിത രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ച വീടുകൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തും.
ക്രിസ്തുമസിന് ഹരിത പെരുമാറ്റ ചട്ടങ്ങൾ പാലിക്കേണ്ടത് സംബന്ധിച്ച് പള്ളികളിൽ സന്ദേശം വായിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. കുർബാനയ്ക്കു മുൻപേ സന്ദേശം നൽകാമെന്ന് സഭാ പ്രതിനിധികൾ ഉറപ്പ് നൽകി. ഹരിത ചട്ടങ്ങൾ സംബന്ധിച്ച സന്ദേശം തയ്യറാക്കി ബിഷപ്പിനു നൽകാൻ ഹരിത കേരള മിഷനെ ചുമതലപ്പെടുത്തി. ബിഷപ്പ് പള്ളിവികാരികൾക്ക് സന്ദേശം കൈമാറും. യോഗത്തിൽ കണ്ണൂർ രൂപത വികാരി ജനറൽ ക്ലാരൻസ് പാലിയത്ത്, തലശേരി ആർച്ച് ബിഷപ് പ്രതിനിധി ഫാ. മാത്യു ആശാരിപറമ്പിൽ, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി പി ടി ബാബു., ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ പി സോമശേഖരൻ എന്നിവർ പങ്കെടുത്തു.
റേഷൻ വിതരണം നീട്ടി
നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ മൂന്നിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നു.
രജിസ്ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസിൽ കുറവ്. ആധാർ/വോട്ടേഴ്സ് ഐഡി/പാസ്പോർട്ട് /പാൻകാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്ത് തുടർന്നുള്ള എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
കൺ നിറയെ കാണാൻ മൺ നിറവ്
മനുഷ്യന് മണ്ണിനെ അടുത്തറിയാൻ അവസരമൊരുക്കി കതിരൂർ ഗ്രാമപഞ്ചായത്ത്. ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായാണ് പഞ്ചായത്തും മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പും ചേർന്ന് 'മൺ നിറവ്' പ്രദർശനം ആരംഭിച്ചത്.
കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും പ്രദർശനത്തിന് മണ്ണ് ശേഖരിച്ചിരുന്നു. ഇതിന് പുറമെ മണ്ണ് സംരക്ഷണ വകുപ്പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ച വ്യത്യസ്ത മണ്ണിനങ്ങളും ഇവിടെയുണ്ട്. മണ്ണിനങ്ങൾ, അവയുടെ പ്രത്യേകത, അതിലടങ്ങിയ മൂലകങ്ങൾ, കൃഷിക്ക് അനുയോജ്യമായ മണ്ണ്, കൂടുതൽ വിളവിന് ചേർക്കേണ്ട ലവണങ്ങൾ തുടങ്ങിയ അറിവുകൾ പ്രദർശനത്തിന് എത്തുന്നവർക്ക് മനസിലാക്കാം. ഈ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനം പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.
കതിരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രദർശനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ച 'മണ്ണമൃത് ' ചിത്രകലാപ്രദർശനം ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. മണ്ണ്, ചുണ്ണാമ്പ്, ജലഛായം, അക്രിലിക്, ചാർക്കോൾ എന്നിവ ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം അഞ്ച് വരെ ഉണ്ടാവും.
രണ്ടിന് രാവിലെ പത്തിന് 'മണ്ണറിഞ്ഞ് വിത്തെറിയാം' കാർഷിക ശിൽപ്പശാല, മൂന്നിന് രാവിലെ 10.30ന് 'നീരുറവ് മണ്ണ് ജലസംരക്ഷണം' നീർത്തട വികസന സെമിനാർ, നാലിന് വിദ്യാർഥികൾക്ക് ഉപജില്ലാതല ക്ലേമോഡലിങ് മത്സരം എന്നിവ പഞ്ചായത്ത് ഹാളിൽ നടക്കും. മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കതിരൂരിൽ നിർവ്വഹിക്കും. 'മണ്ണ്-ഭക്ഷണം എവിടെ തുടങ്ങുന്നു' എന്ന മുദ്രാവാക്യമായി ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക, മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന് ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മണ്ണ് ദിനാചരണം നടത്തുന്നത്.
ബ്ലോക്ക് കേരളോത്സവം: സമാപന സമ്മേളനം നാലിന്
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കേരളോത്സവം ഡിസംബർ നാലിന് സമാപിക്കും. സമാപന സമ്മേളനം നാലിന് വൈകീട്ട് ആറ് മണിക്ക് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും. താവത്തെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡിസംബർ രണ്ടിന് രാവിലെ 9.30ന് ചിത്രരചന, 11ന് ക്വിസ് മത്സരം, 11.30ന് കാർട്ടൂൺ എന്നിവയും ഡിസംബർ മൂന്നിന് രാവിലെ 11 മണിക്ക് മെഹന്തി ഫ്ളവർ അറേഞ്ച്മെന്റും നടക്കും. ഡിസംബർ നാലിന് മാടായി വൊക്കേഷണൽ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, മാടായി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ വിവിധ കലാമത്സരങ്ങളും അരങ്ങേറും.
താലൂക്ക് വികസന സമിതി യോഗം
കണ്ണൂര് താലൂക്ക് വികസന സമിതി യോഗം ഡിസംബര് മൂന്ന് ശനി രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്ഫറന്സ് ഹാളില് ചേരും.
വിദ്യാഭ്യാസ ധനസഹായം
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കുള്ള ഈ വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. ക്ഷേമനിധി അംഗത്വമെടുത്ത് 2022 മെയ് 31ന് രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടക്കുന്നവരുടെ മക്കൾക്കാണ് അർഹത. ഫോൺ: 0495 2760509.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ: ശാരീരിക ക്ഷമത പരീക്ഷ
ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-എസ് ടി ആദിവാസി-92/2022, 93/2022) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ വഴി ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഹാൾ ടിക്കറ്റ്, അസ്സൽ ഐ ഡി എന്നിവ സഹിതം രാവിലെ അഞ്ച് മണിക്ക് ഹാജരാകണം.
റോഡ് അടച്ചിടും
കോലത്തുവയൽ-പാളിയത്ത് വളപ്പ്-വെള്ളിക്കീൽ റോഡിൽ പ്രവൃത്തി നടത്തുന്നതിനാൽ പണ്ണേരി മിൽ ജംഗ്ഷൻ മുതൽ പാന്തോട്ടം അമ്പലം വരെയുള്ള ഭാഗം ഡിസംബർ മൂന്നിന് അടച്ചിടും. പാളിയത്ത് വളപ്പിൽ നിന്നും ചെറുകുന്ന് തറ വരെയും തിരിച്ചും സർവീസ് നടത്തുന്ന വാഹനങ്ങൾ പണ്ണേരി ജംഗ്ഷൻ-റേഷൻകട-വെള്ളിക്കീൽ കൈരളി വായനശാല വഴി സർവീസ് നടത്തണമെന്ന് പിഡബ്ല്യുഡി നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കശുവണ്ടി ലേലം
ആറളം ഫാമിന്റെ വിവിധ ബ്ലോക്കുകളിലുള്ള 618.5 ഹെക്ടർ കശുമാവിൻ തോട്ടം കാട് തെളിച്ച് കശുവണ്ടി സംഭരിച്ച് കൊണ്ടു പോകുന്നതിനുള്ള ലേലം ഡിസംബർ എട്ടിന് രാവിലെ 11.30ന് ഫാം ഓഫീസിൽ നടക്കും. ഫോൺ: 9495792679, 9400855949.
ഡിപ്ലോമ കോഴ്സുകൾ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്/മോണ്ടിസറി ടീച്ചർ ട്രെയിനിങ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. എസ് എസ് എൽ സി/പ്ലസ്ടു ആണ് യോഗ്യത. താൽപര്യമുള്ളവർ തളിപ്പറമ്പ് നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9947733940, 04602205474.
പരീക്ഷാ പരിശീലനം സമാപിച്ചു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് സംഘടിപ്പിച്ച സൗജന്യ മത്സര പരീക്ഷാ പരിശീലനം സമാപിച്ചു. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ തോമസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസർ (വി ജി) രമേശൻ കുനിയിൽ, എംപ്ലോയ്മെന്റ് ഓഫീസർ (എസ് ഇ) കെ മുഹമ്മദ് അർഷാദ്, എംപ്ലോയ്മെന്റ് ഓഫീസർ (പ്ലേസ്മെന്റ്) വി എം ബിന്ദു, ജൂനിയർ സൂപ്രണ്ട് പി പി പ്രയാഗ് എന്നിവർ സംസാരിച്ചു.
സ്കോൾ കേരള: വിദ്യാർഥികൾ പരീക്ഷാ ഫീസ് അടക്കണം
സ്കോൾ കേരള മുഖേന 2022-24 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ഒന്നാംവർഷ ഫീസ് അടക്കണം. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ച യൂസർനെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോ ഓർഡിനേറ്റിങ് ടീച്ചറുടെ ഒപ്പും സ്കൂൾ സീലും വാങ്ങണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും അറിയാം. ഫോൺ: 0471 2342950, 2342271.
വോട്ടർ പട്ടിക നിരീക്ഷകന്റെ കൂടിക്കാഴ്ച
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2023 ന്റെ ഭാഗമായി ജില്ലയിൽ വോട്ടർ പട്ടിക നിരീക്ഷകനായി നിയമിതനായ പി എം അലി അസ്ഗർ പാഷ ഡിസംബർ രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെരെഞ്ഞെടുപ്പ് ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലയിലെ എം പി, എം എൽ എ മാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ടെണ്ടർ
സംസ്ഥാന കായിക മേളയിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് ജഴ്സി നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് ജഴ്സി വിതരണം ചെയ്യുവാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഡിസംബർ 17 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2705149.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പട്ടുവം, ഹാജിമുക്ക്, കരുവാടകം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഡിസംബർ രണ്ട് വെള്ളി രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സറീന വുഡ്, ഓടത്തുപാലം എന്നീ ഭങസങ്ങളിൽ ഡിസംബർ രണ്ട് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളൂർ ആലിൻകീഴിൽ, അഞ്ചങ്ങാടി ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഡിസംബർ രണ്ട് വെള്ളി രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.