ഖാദി ബോർഡ് ഓട്ടോറിക്ഷകൾ വിതരണം ചെയ്തു
November 14 | 06:09 AM
കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരിയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വർഷത്തിന്റെ ഭാഗമായി 'എന്റെ ഗ്രാമം' പ്രത്യേക തൊഴിൽ പദ്ധതിയുയിലുൾപ്പെടുത്തിയാണ് ഓട്ടോറിക്ഷ നൽകിയത്. ഖാദി ഗ്രാമ വ്യവസായ ബോർഡ് തലശ്ശേരി ടൗൺ സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് വിതരണം. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് അനുകൂലമല്ലാത്ത നിലപാട് ചില ബാങ്കുകൾ സ്വീകരിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളെ കൂടി വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. കാലാനുസൃതമായ മാറ്റത്തിനായി ഗ്രാമ വ്യവസായ മേഖലയിലെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ സഹകരണ ബാങ്കുകൾ ശ്രമിക്കണം.
വസ്ത്ര വിപണന രംഗത്ത് ഖാദിയിൽ നേട്ടം ഉണ്ടായിട്ടുണ്ട്. ഈ വർഷം 150 കോടി രൂപയുടെ ഖാദി വസ്ത്ര വിപണനമാണ് ലക്ഷ്യം. ഇതിനകം 42 കോടി രൂപയുടെ വില്പന കഴിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ഇതിൽ മുഖ്യപങ്കു വഹിച്ചവരാണ് സഹകരണ ജീവനക്കാർ . കാർഷികോല്പന്നങ്ങളുടെ മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണം, സോപ്പ്, ഫർണിച്ചർ, വാഹന വർക്ക് ഷോപ്പുകൾ, അലക്ക് - തേപ്പ് യൂണിറ്റ്, ബാർബർ ഷാപ്പ്, ബ്യൂട്ടി പാർലർ, ഡി ടി പി ഫോട്ടോസ്റ്റാറ്റ്, ഓട്ടോ ടാക്സി, മോട്ടോർ ബോട്ട്, ആട് - കോഴി വളർത്തൽ തുടങ്ങിയ സംരംഭങ്ങളാരംഭിച്ച് നിശ്ചിത വരുമാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്നവർക്ക് ഈ സംരംഭകത്വ വർഷത്തിൽ എല്ലാ പിന്തുണയും ഖാദി ബോർഡ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലശ്ശേരിയിൽ ആദ്യഘട്ടത്തിൽ 11 സി എൻ ജി ഒട്ടോറിക്ഷകളാണ് വിതരണം ചെയ്തത്. വായപാ തുക 2.85 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതം 15000 രൂപയുമാണ്. ഖാദി ബോർഡിന്റെ 30 ശതമാനം സബ്സിഡിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 90,000 രൂപയാണ് സബ്സിഡി. മൂന്ന് മാസത്തിനുള്ളിൽ രണ്ടാം ഘട്ടത്തിൽ 14 ഓട്ടോറിക്ഷകൾ കൂടി വിതരണം ചെയ്യുമെന്ന് തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം ഒ റോസിലി പറഞ്ഞു.
തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കാരായി ചന്ദ്രശേഖരൻ, തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി അനിൽ, സംസ്ഥാന ഖാദി ബോർഡ് ഡയറക്ടർ കെ വി ഗിരീഷ് കുമാർ , തലശ്ശേരി അസിസ്റ്റൻറ് ഡയറക്ടർ ഓഡിറ്റ് പ്രജിത് ഭാസ്കർ, കണ്ണൂർ ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ ഐ കെ അജിത് കുമാർ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ശ്രീധരൻ , ബാങ്ക് ഡയറക്ടർ എ ടി രാജേന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡൻറ് എൻ ബിജു എന്നിവർ സംസാരിച്ചു.