തിരുവനന്തപുരത്ത് ബസുകൾ കൂട്ടിയിടിച്ചു, 16 പേർക്ക് പരിക്ക്
June 30 | 04:41 PM
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസുകൾ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. കരമന-കളിയിക്കാവിള പാതയില്‍ നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലാണ് അപകടം നടന്നത്.
കെഎസ്ആര്‍ടിസി ബസും വിഎസ്എസ്സിയുടെ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം.
പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കൊട്ടാരക്കരയിലേയ്ക്ക് വരികയായിരുന്ന ബസും വിഎസ്എസ്സിയിലെ ജീവനക്കാരെ കൊണ്ടുവരാനായി പാറശാലയിലേയ്ക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്താല്‍ രണ്ടു വാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് കാലുകളില്‍ ഗുരുതരമായ പരിക്കുണ്ട്. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ അടക്കം 13 യാത്രക്കാര്‍ക്കും പരിക്കേറ്റു.
ഏഴു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.