സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ല: ഷാഫി പറമ്പിൽ
June 28 | 06:06 PM
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസിലെ ഷാഫി പറമ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് രഹസ്യമൊഴിയില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്നയുടെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ലെന്നു ഷാഫി ചോദിച്ചു. സ്വപ്നയുടെ രഹസ്യമൊഴി അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ വലിയ സംഘം രൂപീകരിച്ചു വെപ്രാളം കാണിക്കുന്നത് എന്തിനാണ്?. എന്തിനാണ് ധൃതി പിടിച്ച് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്?.
ഷാജ് കിരണിനെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്. അയാള്‍ പറയുമ്പോള്‍ സരിത്തിനെ പൊലീസ് പിടിക്കുന്നു. അയാള്‍ പറയുമ്പോള്‍ പൊലീസ് വിടുന്നു. രഹസ്യ മൊഴിക്ക് പിന്നാലെ സരിത്തിനെ വിജിലന്‍സ് തട്ടികൊണ്ട് പോയി. എന്താണ് ഇവിടെ നടക്കുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.
വിജിലന്‍സ് മേധാവിയെ മാറ്റാന്‍ കാരണമെന്താണെന്ന് ജനങ്ങള്‍ക്ക് അറിയണം. എന്തിനാണ് മുന്‍ മേധാവി എംആര്‍ അജിത്ത് ഷാജ് കിരണിനോട് സംസാരിച്ചത്. ഷാജ് കിരണിന് എങ്ങനെയാണ് പൊലീസില്‍ ഇത്രയേറെ സ്വാധീനമുണ്ടായതെന്നും ഷാഫി ചോദിച്ചു.