കോഴിക്കോടും തിരുവനന്തപുരത്തും അഗ്നിപഥിനെതിരെ പ്രതിഷേധം
June 18 | 01:46 PM
കോഴിക്കോട്: അഗ്നിപഥ് സൈനികസേവന പദ്ധതിക്കെതിരെ കോഴിക്കോട്ടും പ്രതിഷേധം. നൂറുകണക്കിന് ഉദ്യോഗാർഥികളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. റെയിൽവേ സ്റ്റേഷനിലേക്കാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ച്.
ആർമി പൊതുപരീക്ഷ വേഗത്തിൽ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. മെഡിക്കലും ഫിസിക്കലും പാസായവരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ആറ് തവണയാണ് പരീക്ഷ മാറ്റിവച്ചതെന്നും ഇവർ ആരോപിക്കുന്നു.
തിരുവനന്തപുരത്തും ഉദ്യോഗാർഥികളുടെ പ്രതിഷേധം അരങ്ങേറുകയാണ്. തന്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നും ആയിരകണക്കിന് ഉദ്യോഗാർഥികളാണ് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. രാജ്ഭവനുമുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ഇതോടെ ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.