നോ സ്കാൽപൽ വാസക്ടമി പക്ഷാചരണം
November 25 | 12:17 AM
നോ സ്കാൽപൽ വാസക്ടമി പക്ഷാചരണം
നോ സ്കാൽപൽ വാസക്ടമി ബോധവത്കരണത്തിന്റെ ഭാഗമായി ഡിസംബർ നാലു വരെ നോ സ്കാൽപൽ വാസക്ടമി പക്ഷാചരണം നടത്തും. 'കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ പങ്കാളികളായി പുരുഷന്മാർക്കും ഇപ്പോൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റാം' എന്നതാണ് ഈ വർഷത്തെ സന്ദേശം. പുരുഷ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എൻ എസ് വി ക്യാമ്പുകൾ നടത്തും. കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതികൾക്ക് എൻ എസ് വി എന്ന അതിനൂതന മാർഗം സ്വീകരിക്കാമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 9447091679.
യുവജന കമ്മീഷൻ അദാലത്ത് 26ന്
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോമിന്റെ അധ്യക്ഷതയിൽ നവംബർ 26ന് രാവിലെ 11 മണി മുതൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് കമ്മീഷൻ മുമ്പാകെ പരാതികൾ സമർപ്പിക്കാം. ഫോൺ: 0471 2308630.
ധനസഹായം: രേഖകൾ ഹാജരാക്കണം
മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷനിൽ നിന്നും ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർക്ക് 2021 നവംബർ മുതലുള്ള വേതനം ലഭിക്കാൻ ക്ഷേത്രഭരണാധികളുടെ സാക്ഷ്യപത്രം, ബോർഡിന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ നീലേശ്വരത്തെ ഓഫീസിൽ നവംബർ 30നകം ഹാജരാക്കണം.
വാക് ഇൻ ഇൻറർവ്യു
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇൻറർവ്യു നവംബർ 28ന് നടത്തും. സൈക്കോ സോഷ്യൽ കൗൺസിലർ-യോഗ്യത: സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജി മാസ്റ്റർ ബിരുദം, മൂന്ന് വർഷ പ്രവൃത്തി പരിചയം, ലീഗൽ കൗൺസിലർ-നിയമബിരുദം, രണ്ട് വർഷ പ്രവൃത്തി പരിചയം, ഐ ടി സ്റ്റാഫ്-ബിരുദം, കമ്പ്യൂട്ടർ/ഐ ടി ഡിപ്ലോമ, മൂന്ന് വർഷ പ്രവൃത്തി പരിചയം, മൾട്ടി പർപ്പസ് ഹെൽപർ-എഴുത്തും വായനയും അറിയണം, മൂന്ന് വർഷ പ്രവൃത്തി പരിചയം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ള വനിതകൾ ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ ചേംബറിൽ നവംബർ 28ന് ഉച്ചക്ക് ഒരു മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. ഫോൺ: 0490 2367450, 7306996066, 0497 2996566.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് ബിരുദ കോഴ്സിൽ പ്രവേശനം തുടങ്ങി. യോഗ്യത:50 ശതമാനം മാർക്കോടെ പ്ലസ്ടു. കൂടുതൽ വിവരങ്ങൾക്ക് നവംബർ 30നകം തലശ്ശേരി മൂന്നാം മൈലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04902353600, 9567463159, 6282393203.
തത്സമയ പ്രവേശനം
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജ് ഒന്നാം വർഷ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് നവംബർ 28ന് രാവിലെ ഒമ്പത് മണി മുതൽ തത്സമയ പ്രവേശനം നടക്കും. പ്രവേശനം ലഭിച്ച് സ്ഥാപന മാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. പുതുതായി അപേക്ഷ സമർപ്പിച്ചും പ്രവേശനം നേടാം. പട്ടികജാതി പട്ടികവർഗക്കാർ തഹസിൽദാറിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റും ജാതി സംവരണത്തിന് അർഹതയുള്ളവർ ഒരു വർഷത്തിനകം ലഭിച്ച വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. അവസരം ലഭിക്കുന്നവർ അപ്പോൾ തന്നെ എ ടി എം കാർഡ് ഉപയോഗിച്ച് ഫീസ് നൽകണം. ഫോൺ: 9946436782, 9495806771.
എന്യൂമറേറ്റർമാർക്ക് വിവരങ്ങൾ നൽകണം
ജില്ലയിലെ വ്യവസായ സംരംഭങ്ങളുടെ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ശേഖരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീ മിഷൻ വഴി നിയമിച്ച എന്യൂമറേറ്റർമാർ യൂണിറ്റുകൾ സന്ദർശിക്കുമ്പോൾ ആവശ്യപ്പെടുന്ന വിവരങ്ങൾ ലഭ്യമാക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.
അസി. പ്രൊഫസർ: ഇന്റർവ്യൂ രണ്ടിന്
കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പിൽ അസി. പ്രൊഫസറെ നിമയിക്കാൻ ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0497 2800167.
ഗസ്റ്റ് അധ്യാപക നിയമനം
മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഡെമോൺസ്ട്രേറ്റർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസിൽ കുറയാത്ത ഡിപ്ലോമയും ട്രേഡ്സ്മാന് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസിൽ കുറയാത്ത ഐ ടി ഐ/ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യരായ താൽപര്യമുള്ളവർ നവംബർ 25ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2471530.
ക്വിസ് മത്സരം നടത്തി
നവംബർ 19 മുതൽ 25 വരെ നടക്കുന്ന ലോക ക്വാമി ഏകതാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ജില്ലയിലെ റവന്യു ജീവനക്കാർക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. 'സ്വാതന്ത്ര്യാനന്തര ഇന്ത്യ' എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ എം ഉത്തമൻ ക്വിസ് മാസ്റ്ററായി. കലക്ടറേറ്റ് കോൺഫറസ് ഹാളിൽ നടന്ന ചടങ്ങിൽ എ ഡി എം കെ കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. ഹുസൂർ ശിരസ്തദാർ പി പ്രേംരാജ് സംസാരിച്ചു.
ലേലം
കോടതി കുടിശ്ശിക ഈടാക്കാൻ ജപ്തി ചെയ്ത മാവിലായി അംശം പൊതുവാച്ചേരി ദേശത്ത് റി.സ.63/7ൽ പെട്ട 0.0425 ആർ ഭൂമി ഡിസംബർ 12ന് രാവിലെ 11 മണിക്ക് മാവിലായി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ മാവിലായി വില്ലേജ് ഓഫീസിലും കണ്ണൂർ താലൂക്കിലെ ആർ ആർ സെക്ഷനിലും ലഭിക്കും.