പെൺമക്കളുടെ വിവരങ്ങൾ ഹാജരാക്കണം; പി ആർ ഡി അറിയിപ്പുകൾ
November 8 | 05:26 AM
തീരദേശ സേന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രളയകാല രക്ഷാപ്രവർത്തനം മുൻനിർത്തി ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി നാല് മത്സ്യഭവനുകൾ കേന്ദ്രീകരിച്ച് നാല് തീരദേശ യൂണിറ്റുകൾ രൂപീകരിക്കുന്നു. ഒരു യൂണിറ്റിൽ അഞ്ച് അംഗങ്ങളാണുണ്ടാവുക. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവരും 18നും 45നും ഇടയിൽ പ്രായമുള്ള കായിക ക്ഷമതയുള്ള തീരദേശ നിവാസികളുമായിരിക്കണം.
താൽപര്യമുള്ളവർ മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, ഗോവയിൽ നിന്ന് പരിശീലനത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും സഹിതമുള്ള അപേക്ഷ നവംബർ 21നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ 670017 എന്ന വിലാസത്തിൽ സമർപ്പിക്കണം.
മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നടത്തി
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. ജില്ലാ പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സഹകരണ ഓഡിറ്റ് ജോയിന്റ് രജിസ്ട്രാർ ഇ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മലയാള ഭാഷയും സാഹിത്യവും എന്ന വിഷയത്തിൽ മാധവൻ പുറച്ചേരിയും ഭരണഭാഷ മലയാളമാകുമ്പോൾ എന്ന വിഷയത്തിൽ വത്സൻ അഞ്ചാംപീടികയും പ്രഭാഷണം നടത്തി. സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ യു കെ ബിജു, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഇൻ ചാർജ് കെ പ്രദോഷ് കുമാർ, അസി.രജിസ്ട്രാർ പി രതീദേവി എന്നിവർ സംസാരിച്ചു. വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെ ജീവനക്കാർ മലയാള കവിതാ പാരായണം നടത്തി.
മോഡൽ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു
മൃഗസംരക്ഷണ മേഖലയിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, ശുദ്ധമായ മാംസം മാർക്കറ്റിൽ ലഭ്യമാക്കുക, ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മോഡൽ പഞ്ചായത്ത് പദ്ധതി പ്രകാരം അഴീക്കോട് പഞ്ചായത്തിൽ പോത്ത് വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് പോത്തുകൾ വീതമുള്ള നാല് യൂണിറ്റ് തുടങ്ങാൻ അഞ്ച് ലക്ഷം രൂപ അനുവദിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഒന്നേകാൽ ലക്ഷം രൂപ സബ്സിഡി ലഭിക്കും. അപേക്ഷാ ഫോറം അഴീക്കോട് മൃഗാശുപത്രിയിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 15നകം ലഭ്യമാക്കണം. ഫോൺ: 9447263687.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: ക്ലാസ് 10ന്
വനംവകുപ്പ് നടപ്പാക്കിവരുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി സംബന്ധിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ പൊതുജനങ്ങൾക്ക് ബോധവത്കരണത്തിനും സംശയനിവാരണത്തിനുമുളള ക്ലാസ് നവംബർ 10ന് രാവിലെ 11 ന് കണ്ണൂർ കണ്ണോത്തുംചാലിലെ വനശ്രീ കോപ്ലക്സിൽ നടക്കും. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനത്തിനകത്തും വനത്തിനോട് ചേർന്നുമുള്ള പട്ടികവർഗേതര കുടുംബങ്ങളെ പ്രതിഫലം നൽകി പുനരധിവസിപ്പിക്കുന്ന കിഫ്ബി-ആർകെഡിപി പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. താല്പര്യമുള്ളവർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂർ -04972 704 808, റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കൊട്ടിയൂർ -0490 2 302 015, റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, തളിപ്പറമ്പ് -0460 2 206696, റെയിഞ്ച് ഫോറസ്റ്റ്ഓഫീസ്, കണ്ണവം -0490 2300 971 എന്നിവിടങ്ങളിൽ ബന്ധപ്പെടണം.
വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ തീയതി നീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അഗത്വമെടുത്ത് ഒരു വർഷം പൂർത്തിയായ അംഗങ്ങളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി നവംബർ 30 വരെ നീട്ടി. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ഇതുവരെ ക്ഷേമനിധിയിൽ അംശദായം അടച്ച രശീതി, ആധാർ കാർഡ്, റേഷൻ കാർഡ്, കുട്ടിയുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുകൾ, വിദ്യാഭ്യാസ സ്ഥാപന മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോൺ: 04972970272.
പെൺമക്കളുടെ വിവരങ്ങൾ ഹാജരാക്കണം
രണ്ടാം ലോക മഹായുദ്ധ യോദ്ധാക്കളുടെയും വിധവകളുടെയും വിവാഹം കഴിക്കാത്തതും വിധവകളും, വേറെ സർക്കാർ സഹായങ്ങളോ പെൻഷനോ ലഭിക്കാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പെൺമക്കളുടെ വിവരങ്ങൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700069.
താൽക്കാലിക നിയമനം
എറണാകുളത്തെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എസ് ടി ബി വിഭാഗത്തിന് ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എംകോം, ഗവ. അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും ഫിനാൻസ്/ അക്കൗണ്ടിംഗ് തസ്തികയിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ സി എ / സി എം എ. പ്രായം: 50 വയസ് കവിയരുത്. താൽപ്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിലെ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിലെ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തണം. ഫോൺ: 0484 2312944.
കെഎസ്ആർടിസി റാണിപുരം, ബേക്കൽ ഉല്ലാസ യാത്ര
കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ -കാസർകോട് എന്നിവിടങ്ങളിലേക്ക് ഉല്ലാസ് യാത്ര സംഘടിപ്പിക്കുന്നു. കാസർകോട്ടെ മലയോര മേഖലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ, തീരദേശ മേഖലയിലെ പുരാതനമായ ബേക്കൽ കോട്ട, ബേക്കൽ ബീച്ച്, നിത്യാനന്ദാശ്രമം എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. നവംബർ 13നാണ് കന്നിയാത്ര. കണ്ണൂരിൽ നിന്നു രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തും. ഫോൺ: 8089463675, 8589995296.
മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പ്രായോഗിക പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 15 മുതൽ 19 വരെ അഗ്രിബിസിനസ് ഇൻക്യുബെറ്റോറിലാണ് പരിശീലനം. അഞ്ചുദിവസത്തെ പരിശീലന ഫീസ് 1180രൂപ. കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെയാണ് പരിശീലനം. പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളിലാണ് പരിശീലനം നൽകുക. അപേക്ഷകൾ നവംബർ എട്ടിനകം www.kied.info ൽ ലഭിക്കണം. ഫോൺ: 04842532890, 2550322.
മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം; കൂടിക്കാഴ്ച 19ന്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ കതിരൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അന്തേവാസികളായ വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ-കം-റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 2023 മാർച്ച് 31വരെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവൃത്തി സമയം വൈകീട്ട് നാലു മുതൽ രാവിലെ എട്ടുവരെ. ബിരുദവും, ബി എഡും ഉള്ള താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറവും ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 19ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ: 0497 2700596.
തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
ജില്ലയിൽ പൊതുവിദ്യാഭ്യഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക് -6 -എൻസിഎ -എസ് സി - 81/2022) തസ്തികയിലേക്ക് 2022 ഏപ്രിൽ 13ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാർഥികൾ ആരും സ്വീകാര്യമായ അപേക്ഷ സമർപ്പിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
നാറ്റ്പാക് പരിശീലനം
സ്ഫോടക വസ്തുക്കൾ, എൽ പി ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നവംബർ 10, 11, 12 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. ഫോൺ: 0471 -2779200, 9074882080.
ലേലം/ക്വട്ടേഷൻ
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം മാടായി അസി. എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിൽ വരുന്ന വിവിധ റോഡുകളിലുള്ള മരങ്ങളുടെ ലേലം നവംബർ 17ന് രാവിലെ 11ന് മാടായി ഓഫീസിൽ നടത്തും. ക്വട്ടേഷൻ നവംബർ 16ന് വൈകിട്ട് നാലു വരെ സ്വീകരിക്കും. ഫോൺ: 0497 2877799.
ഹനുമാരമ്പലം കവല, കൊവ്വൽ ബസ് സ്റ്റോപ്പ് എന്നീ സ്ഥലങ്ങളിലുള്ള മഴമരങ്ങളുടെ ലേലം നവംബർ 19ന് രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം മാടായി അസി. എഞ്ചിനീയറുടെ കാര്യാലയത്തിൽ നടക്കും. നവംബർ 18ന് വെകിട്ട് നാലുവരെ സ്വീകരിക്കും. ഫോൺ: 0497 2877799.
കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ നവംബർ 15ന് രാവിലെ 11ന് തോട്ടട ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ലേലം ചെയ്യും. ഫോൺ: 0497 2835260.
കാർഷിക യന്ത്ര ഗവേഷണത്തിന് വിദ്യാർഥികൾക്ക് അവസരം
ജില്ലാ പഞ്ചായത്തിന്റെ കാർഷികയന്ത്രവത്ക്കരണം-ഗവേഷണത്തിന് പ്രോത്സാഹനം എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും യന്ത്രവത്കരണത്തിലൂടെ അവ പരിഹരിക്കുന്നതിനാവശ്യമായ ആശയങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്താനും അവസരമൊരുക്കുന്നു. തുടർന്ന് വിദ്യാർഥികൾക്ക് ആശയങ്ങൾ വിപുലീകരിച്ച് പദ്ധതികൾ സമർപ്പിക്കാം. അവ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം കൃഷിക്ക്/കർഷകർക്ക് ഉപയോഗപ്രദമാകും വിധം യന്ത്രങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് സാമ്പത്തിക സഹായം നേടാനാകും. ഹയർസെക്കണ്ടറി തലം മുതൽ മുകളിലോട്ടുള്ളവർക്കാണ് പദ്ധതിയുടെ ഭാഗമാകാനാവുക. താൽപര്യമുള്ളവർ https://forms.gle/GSNhhAzjZBRBqKfS7 എന്ന ലിങ്കിൽ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് നവംബർ 17നകം ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 9446429642, 9383472052.
മംഗര പാലം പ്രവൃത്തി ഉദ്ഘാടനം ഒമ്പതിന്
കുപ്പം പുഴക്ക് കുറുകെ നിർമിക്കുന്ന മംഗര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നവംബർ ഒമ്പത് ബുധനാഴ്ച രാവിലെ 11ന് മംഗരയിൽ നടക്കും. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻ അധ്യക്ഷത വഹിക്കും.
വൈദ്യുതി മുടങ്ങും
വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുളവയൽ, ആൽഫ, കുടക്കത്തറ, ജവഹർ, ജനത, വെള്ളൂർ ബാങ്ക്, ജെൻസ് ക്ലബ്, കാറമേൽ മുച്ചിലോട്, അഞ്ചങ്ങാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മനയത്ത് മൂല, സാധു പാർക്ക്, നാറാണത്തുചിറ, കോയ്യോട് എസ്റ്റേറ്റ്, മണിയാലം ചിറ, എസ്ഐ റോഡ്, വളഞ്ഞിയൻകാവ്, കോയ്യോട് ചൂള, തന്നട എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയും കാടാച്ചിറ സ്കൂൾ പരിധിയിൽ രാവിലെ ഏഴു മുതൽ 12 വരെയും റിലയൻസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 12 മുതൽ 2.30വരെയും നവംബർ എട്ട് ചൊവ്വ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ആസാദ് റോഡ്, നീർച്ചാൽ സ്കൂൾ, ഗോപാലൻകട, മരക്കാർക്കണ്ടി, നീർച്ചാൽപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കാഞ്ഞിലേരി സ്കൂൾ, പടുപാറ, വെള്ളിലോട് കുഴിക്കൽ, പെരിഞ്ചേരി, വെങ്ങാലോട്, കരിമ്പാലൻ കോളനി, കയനി, കൂളിക്കടവ് എന്നീ ഭാഗങ്ങളിൽ നവംബർ എട്ട് ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം സെക്ഷനു കീഴിൽ, നിടുവാലൂർ, സോമേശ്വരി, കാപ്പുങ്കര എന്നിവിടങ്ങളിൽ നവംബർ എട്ട് ചൊവ്വ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.