കണിച്ചാറിൽ ക്വാറികളുടെ നിരോധനം തുടരും;
November 24 | 05:30 AM
ഭരണഘടന സാക്ഷരത ക്യാമ്പയിൻ: പരിശീലനം ആരംഭിച്ചു
വയനാട് ജില്ലയിലെ എടവക ഗ്രാമപഞ്ചായത്തിൽ 10 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും ഭരണഘടനാ സാക്ഷരരാക്കുന്ന ക്യാമ്പയിന്റെ പരിശീലനം തളിപ്പറമ്പ് കില ക്യാമ്പസിൽ ആരംഭിച്ചു. കില സി എച്ച് ആർ ഡി ഡയറക്ടർ ഡി സുധ ഉദ്ഘാടനം ചെയ്തു.എടവക പഞ്ചായത്തിലെ 38000 പേരെ ഭരണഘടനാ സാക്ഷരരാക്കുകയാണ് ലക്ഷ്യം. അതിനായി ജനങ്ങളെ പഠിപ്പിക്കാൻ താൽപര്യമുള്ള യുവതീ യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്. ഇവർ വാർഡ് തലത്തിൽ ക്ലാസുകളെടുക്കുകയും എല്ലാ വീടുകളിലും ഭരണഘടനയുടെ ആമുഖം പതിപ്പിക്കുകയും ഭരണഘടനയുമായി ബന്ധപ്പെട്ട പുസ്തകം വിതരണം ചെയ്യുകയും ചെയ്യും. ചടങ്ങിൽ ഫാക്കൽറ്റിമാരായ വി സുദേശൻ, പബ്ലിക് പ്രോസിക്യൂട്ടർ കെ ജി രവീന്ദ്രൻ, അഡ്വ. പ്രദീപ് കുമാർ, ജി വിനോദ് കുമാർ, ദിവ്യ ഹരിദാസ്, ദിലീപ് കുമാർ എന്നിവർ ക്ലാസെടുത്തു. കില തളിപ്പറമ്പ് സെന്റർ പ്രിൻസിപ്പൽ പി എം രാജീവ് സംസാരിച്ചു.
കല്ല്യാശ്ശേരിയിൽ തുടങ്ങിയത് 572 സംരംഭങ്ങൾ, 34.76 കോടി രൂപയുടെ നിക്ഷേപം
സംരംഭക വർഷത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിൽ ഇതുവരെ ആരംഭിച്ചത് 572 സംരംഭങ്ങൾ. 91 നിർമാണ സംരംഭങ്ങൾ, 241 സേവന സംരംഭങ്ങൾ, 240 കച്ചവട സംരംഭങ്ങൾ എന്നിവയാണ് ആരംഭിച്ചത്. 54.12 ശതമാനം നേട്ടമാണ് ഇതിലൂടെ മണ്ഡലം കൈവരിച്ചത്. 34.76 കോടി രൂപയുടെ നിക്ഷേപമുണ്ടായി. സംരംഭങ്ങളിലൂടെ ഇതുവരെ 1168 പേർക്ക് തൊഴിൽ നൽകി. 1085 സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഇതിനായി 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കുകയും ബിടെക്/എം ബി എ യോഗ്യതയുള്ള ഇന്റേണുകളെ നിയമിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ സംരംഭം ആരംഭിച്ചത് ചെറുതാഴം ഗ്രാമപഞ്ചായത്തിലാണ്. 70 സംരംഭങ്ങളിലൂടെ പഞ്ചായത്തിലെ 162 പേർക്ക് തൊഴിൽ നൽകി.132 സംരംഭങ്ങൾ ആരംഭിക്കുകയാണ് ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം.
കണിച്ചാറിൽ ക്വാറികളുടെ നിരോധനം തുടരും
ഉരുൾപൊട്ടലിനെ തുടർന്ന് ഇരിട്ടി താലൂക്കിലെ കണിച്ചാർ പഞ്ചായത്തിലെ ശ്രീലക്ഷ്മി, ന്യൂഭാരത് എന്നീ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ദീർഘിപ്പിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്ത് പഠനം നടത്തിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധർ ഈ ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നീട്ടിയത്.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ സജീവ അംഗത്വം നിലനിർത്തുകയും ലോട്ടറി ടിക്കറ്റ് വിൽപന കൃത്യമായി തുടർന്ന് വരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് ജില്ലാതലത്തിൽ ഈ വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റഗുലർ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. അപേക്ഷാ ഫോറം ജില്ലാ ലോട്ടറി ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2701081.
പ്രൊജക്ട് കൺസൾട്ടന്റ് നിയമനം
പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആറളം ഫാം കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 27. കൂടുതൽ വിവരങ്ങൾക്ക് ആറളം ഫാമിംഗ് കോർപ്പറേഷനുമായി ബന്ധപ്പെടുക. ഫോൺ: 8943243372, 9495182207.
ഇന്റേൺസിന് അപേക്ഷിക്കാം
ആറളം ഫാമിൽ ഇന്റേൺസിന് അപേക്ഷിക്കാം. കാലാവധി ആറ് മാസം. യോഗ്യത: ബി എസ് സി അഗ്രികൾച്ചർ/എം എസ് സി അഗ്രികൾച്ചർ ഇൻ അഗ്രോണമി/എന്റമോളജി/ഹോർട്ടികൾച്ചർ/സോയിൽ സയൻസ്/ഫോറസ്ട്രി/എം എസ് സി അഗ്രി മാർക്കറ്റിംഗ് അല്ലെങ്കിൽ ഇക്കണോമിക്സ്. താൽപര്യമുള്ളവർ ഡിസംബർ ഒന്നിനകം മാനേജിംഗ് ഡയറക്ടർ, ആറളം ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡ്, ആറളം ഫാം പി ഒ, കണ്ണൂർ, 670673 എന്ന വിലാസത്തിൽ
നവംബർ 27 നകം അപേക്ഷിക്കണം. ഫോൺ: 8943243372, 9495182207.
ആന്റി മൈക്രോബിയൽ വാരാചരണം
ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ആന്റി മൈക്രോബിയൽ ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പ്രീത നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ സർവയലൻസ് ഓഫീസർ ഡോ.എം വി ജീജ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ പി ലത, സുമൻ സൂസൻ എബ്രഹാം എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ലേഖ, ടെക്നിക്കൽ അസിസ്റ്റന്റ് ശശിധരൻ, ഡി ഇ എം ഒ ഇൻചാർജ് സി ജെ ചാക്കോ, വി രേഖ എന്നിവർ സംസാരിച്ചു.
തത്സമയ പ്രവേശനം
കണ്ണൂർ. ഗവ പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തിലെ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 26ന് തത്സമയ പ്രവേശനം നടക്കും. കൂടുതൽ വിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.
ലാബോറട്ടറി ടെക്നീഷ്യൻ: ഇന്റർവ്യൂ 30ന്
ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലാബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (ഫസ്റ്റ് എൻ സി എ-എസ് ഐ യു സി നാടാർ-198/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് പി എസ് സി മലപ്പുറം ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ വഴി ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ കൃത്യസമയത്ത് ഹാജരാകണം.
ടാലന്റ് സെർച്ച് ആൻഡ് ഡവലപ്മെന്റ് സ്കോളർഷിപ്പ്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021-22 വർഷത്തിൽ ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ചിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തതും ബി ഗ്രേഡിൽ കുറയാത്ത മാർക്ക് നേടിയവരുമായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പുകൾ, കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത സർട്ടിഫിക്കറ്റുകളുടെ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം നവംബർ 30നകം അതാത് ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 0497 2700596.
നാവികസേന പെൻഷൻ: മുഖാമുഖം 30ന്
നാവികസേന വിമുക്തഭടൻമാരുടെ ഭാര്യമാർക്ക് സർവീസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളും അവതരിപ്പിക്കാൻ ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 30ന് രാവിലെ 11.30 മുതൽ 12.30 വരെ സൈനിക ക്ഷേമ ഓഫീസിലാണ് പരിപാടി. പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ, സംശയങ്ങൾ എന്നിവ ഉന്നയിക്കാനും പരിഹാരമുണ്ടാക്കാനും പരിപാടിയിൽ കഴിയും. പുതിയ ക്ഷേമ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും ലഭിക്കും. ഏഴിമല നാവിക അക്കാദമിയിലെ (ഐ എൻ എസ് സമോറിൻ) ഉന്നത ഉദ്യോഗസ്ഥർ സംശയങ്ങൾക്ക് മറുപടി നൽകും. ജില്ലയിലെ മുഴുവൻ നാവികസേന വിമുക്ത ഭടൻമാരുടെ ഭാര്യമാരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0497 2700069
അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ താൽക്കാലികമായി നിയമിക്കുന്നു. നവംബർ 30ന് ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി.എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0497 2832055.
ഡിഗ്രി തത്സമയ പ്രവേശനം
പട്ടുവം കയ്യംതടത്തെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് തത്സമയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബർ 28ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഫോൺ: 8547005048, 7012798048.
താലൂക്ക് വികസന സമിതി
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ഡിസംബർ മൂന്നിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും.
മിൽമ പ്ലാന്റുകൾ സന്ദർശിക്കാം
ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി നവംബർ 25, 26 തീയതികളിൽ കണ്ണൂർ പൊടിക്കുണ്ടിലെയും ശ്രീകണ്ഠാപുരത്തെയും മിൽമ ഡയറി പ്ലാന്റുകൾ സന്ദർശിക്കാൻ അവസരം. രാവിലെ 10 മണി മുതൽ വൈകീട്ട് മൂന്ന് വരെയാണ് സന്ദർശന സമയം. മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാനും കഴിയും.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കൊരങ്ങാട്, പയ്യങ്ങാനം ട്രാൻസ്ഫോമർ പരിധിയിൽ നവംബർ 24ന് രാവിലെ 8.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കടേക്കര, നടുവിലേക്കുനി ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 24ന് രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും പെരിന്തട്ട സെൻട്രൽ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് നാല് വരെയും കുഴിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് മൂന്ന് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മരുതായി, കിളിയങ്ങാട്, നാലാങ്കേരി ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെയും ചോലത്തോട്,മണ്ണൂർ, മുള്ള്യം ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല് സെക്ഷനിലെ പറമ്പായി, കായലോട്, കുട്ടിച്ചാത്തന് മഠം എന്നീ ട്രാന്സ്ഫോര്മര് പരിധിയില് നവംബര് 24 വ്യാഴം രാവിലെ എട്ട് മുതല് ഉച്ചക്ക് 230 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.