കണ്ണൂർ-വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി; പി ആർ ഡി അറിയിപ്പുകൾ
December 1 | 01:55 AM
ബജറ്റ് ടൂറിസം: കണ്ണൂർ-വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി
കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി. ഡിസംബർ ഒമ്പതിന് വൈകീട്ട് ഏഴ് മണിക്ക് പുറപ്പെട്ട് 12ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ആദ്യ ദിനം വാഗമണിൽ ഓഫ് റോഡ് ജീപ്പ് സഫാരി, സൈറ്റ് സീയിംഗ്, ക്യാംപ് ഫയർ, രണ്ടാം ദിനത്തിൽ കുമരകത്ത് ഹൗസ് ബോട്ടിൽ ഭക്ഷണവും മ്യൂസിക് പ്രോഗ്രാമുകളുമുൾപ്പെടെ അഞ്ച് മണിക്കൂർ. കൂടാതെ ഒരു മണിക്കൂർ മറൈൻ ഡ്രൈവ് സന്ദർശനം. ഇതിന് ശേഷം വൈകീട്ട് ഏഴിന് തിരിച്ച് പുറപ്പെടും. ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 3900 രൂപയാണ് നിരക്ക്. ബുക്കിംഗിന് ബന്ധപ്പെടുക: 9496131288, 9605372288, 8089463675
സംസ്ഥാന ക്ഷേത്രകലാ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
ക്ഷേത്രകലാ അക്കാദമിയുടെ 2022ലെ സംസ്ഥാന ക്ഷേത്രകലാ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാ ശിൽപം, ചെങ്കൽ ശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളൽ, ക്ഷേത്രവാദ്യം, സോപാന സംഗീതം, ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാർകൂത്ത്, ശാസ്ത്രീയ സംഗീതം, അക്ഷരശ്ലോകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, ബ്രാഹ്മണിപ്പാട്ട്, തിരുവലങ്കാരമാലകെട്ടൽ, തോൽപ്പാവക്കൂത്ത് എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.
ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡിന് അപേക്ഷിക്കുന്നവർ 2021, 2022 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികൾ (ഗ്രന്ഥകാരൻമാർക്കോ പ്രസാധകർക്കോ അയക്കാം) അപേക്ഷയോടൊപ്പം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രകലകളിലെ മികച്ച സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്ക്കാരം, ക്ഷേത്ര കലകളിലെ സമഗ്രസംഭാവനക്കുള്ള ക്ഷേത്രകലശ്രീ പുരസ്കാരം, ക്ഷേതകലാ ഫെലോഷിപ്പ് എന്നിവയും നൽകും. വിവിധ ക്ഷേത്രകലകളിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന 2023 ജനുവരി ഒന്നിന് 40 വയസ്സ് തികയാത്ത വിവിധ രംഗങ്ങളിലുള്ള യുവ ക്ഷേത്രകലാകാരൻമാരിൽ നിന്ന് യുവപ്രതിഭാ പുരസ്ക്കാരത്തിനും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം www.kshethrakalaacademy.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രണ്ട്് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവ സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ-670303 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. ഫോൺ: 0497 2986030, 9847913669.
അഞ്ചരക്കണ്ടി, പെരുമ്പ പുഴകളിലെ
മണൽ ലേലം ചെയ്യുന്നു
'റൂം ഫോർ റിവർ' പദ്ധതിയിൽ അഞ്ചരക്കണ്ടി, പെരുമ്പ പുഴകളിൽനിന്ന് നീക്കം ചെയ്ത് സൂക്ഷിച്ച മണലും മറ്റ് അവശിഷ്ടങ്ങളും ലേലം ചെയ്യുന്നതായി ചെറുകിട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതിന് ഇ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി പുഴയിലെ നാലിടത്തുനിന്നുള്ള മണൽ ഇ ടെൻഡറിന് ഡിസംബർ ഏഴ്, 12 വൈകീട്ട് അഞ്ച് മണിയാണ് അവസാന തീയ്യതി. പെരുമ്പ പുഴയിൽ എട്ട് സ്ഥലങ്ങളിൽനിന്നെടുത്ത മണലിന്റെ ഇ ടെൻഡറിന് ഡിസംബർ 13, 14 വൈകീട്ട് അഞ്ച് മണിയാണ് അവസാന തീയ്യതി. വിശദ വിവരങ്ങൾക്ക് കണ്ണൂരിലെ ചെറുകിട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2700117.
പരാതി പരിഹാര സെൽ യോഗം
തോട്ടട ഇ എസ് ഐ ആശുപത്രിയിൽ ഡിസംബർ എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരാതി പരിഹാര സെൽ യോഗത്തിൽ ഇ എസ് ഐ ഗുണഭോക്താക്കളുടെ പരാതി പരിഗണിക്കും. നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമർപ്പിപ്പിക്കുന്ന പരാതികളാണ് പരിഗണിക്കുക.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് (520/2019) തസ്തികയിലേക്ക് പി എസ് സി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ക്വട്ടേഷൻ
മാടായി ഗവ. ഐ ടി ഐയിൽ പ്ലംബർ ട്രേഡിലെ പരിശീലനാർഥികൾക്ക് ആവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒമ്പത് വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2877300.
പ്രായോഗിക പരിശീലനത്തിന് അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ആവിഷ്കരിച്ച അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെയിനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകൻ/സംരംഭകരാവാൻ ആഗ്രഹിക്കുന്നവർക്ക് മാംസത്തിൽ നിന്നുള്ള മൂല്യ വർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നു. കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ഡിസംബർ 14 മുതൽ 21 വരെയാണ് പരിശീലനം. 1,180 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ www.kied.info യിൽ ഡിസംബർ മൂന്നിനകം അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കുന്ന 20 പേർക്കാണ് ആവസരം. ഫോൺ: 0484 2532890, 2550322.
തെലങ്കാന പഠന സംഘം വ്യാഴാഴ്ച ജില്ലയിൽ
തെലങ്കാന സംസ്ഥാനത്തെ കാമറെഡ്ഡി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ലാലു നായിക്കിന്റെ നേതൃത്വത്തിലുള്ള പഠന സംഘം ഡിസംബർ ഒന്നിന് രാവിലെ 10ന് തളിപ്പറമ്പ് അമ്മാനപ്പാറയിലെ മലബാർ ഫർണിച്ചർ കൺസോർഷ്യം സന്ദർശിക്കും. കേരളത്തിലെ വടക്ക് കിഴക്കൻ മേഖലയിൽ വ്യാപിച്ചു കിടക്കുന്ന തടി അധിഷ്ഠിത ഫർണിച്ചർ വ്യവസായത്തെ കുറിച്ചും ക്ലസ്റ്ററുകളെ മുഴുവൻ ഏകോപിപ്പിച്ച് ജില്ലയിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന വുഡൻ ഫർണിച്ചർ ഹബിനെ കുറിച്ചും സമഗ്രമായി പഠിക്കാനാണ് സന്ദർശനം.
ലോകഭിന്നശേഷി വാരോഘോഷം ഉദ്ഘാടനം ഒന്നിന്
ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള ഉണർവ്-2022 ലോകഭിന്നശേഷി വാരോഘോഷം ഡിസംബർ ഒന്നിന് രാവിലെ 9.30 മുതൽ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനാവും. വിവിധ കായിക പരിപാടികൾ നടക്കും. കലാപരിപാടികൾ മൂന്നിന് പോലീസ് സഭാഹാളിലും ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിലുമായി നടക്കും. ആറിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ശിൽപശാല നടക്കും.
ജഴ്സി വിതരണം വ്യാഴാഴ്ച
സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന കുട്ടികൾക്കുള്ള ജഴ്സി വിതരണം ഡിസംബർ ഒന്നിന് വൈകീട്ട് 3.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷത വഹിക്കും.
കൂടാളിക്കാർക്ക് പഞ്ചായത്തിന്റെ കരുതലും കാവലും
ജീവിതശൈലി രോഗങ്ങളിൽ നിന്നും കൂടാളിയിലെ ജനങ്ങളെ രക്ഷിക്കാൻ പഞ്ചായത്തിന്റെ 'കരുതലും കാവലും'പദ്ധതി. സൗജന്യ രക്ത പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ച് പ്രമേഹം, കൊളസ്ട്രോൾ, ക്രിയാറ്റിൻ, രക്തസമ്മർദം എന്നിവ പരിശോധിച്ച് ആവശ്യമുള്ളവർക്ക് ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരാവസ്ഥ ഒഴിവാക്കാൻ സാധിക്കുമെന്നതിനാലാണ് കൂടാളി പഞ്ചായത്ത് ഈ പദ്ധതി ആവിഷ്കരിച്ചത്. 18നും 50നും മധ്യേ പ്രായമുള്ളവർക്കാണ് ക്യാമ്പ് സംഘടിപ്പിക്കുക. 50 വീടിന് ഒരു ക്യാമ്പ് എന്ന രീതിയിലാണ് പഞ്ചായത്തിലെ 18 വാർഡുകളിലും സംഘടിപ്പിക്കുക. ഇക്കാര്യം ആശാ പ്രവർത്തകർ മുൻകൂട്ടി വീടുകളിൽ അറിയിക്കും. കൂടാളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മൊബൈൽ പരിശോധന സംവിധാനമാണ് ഉപയോഗിക്കുക. പരിശോധനക്ക് ശേഷം തുടർചികിത്സക്കുള്ള സഹായവും പദ്ധതിയിലൂടെ ഒരുക്കും.
മട്ടന്നൂർ മണ്ഡലം സമഗ്ര ആരോഗ്യ പദ്ധതി 'മാറ്റൊലി'യുടെ ഭാഗമായാണ് പഞ്ചായത്ത് 'കരുതലും കാവലും' നടപ്പാക്കുന്നത്. 2022-2023 സാമ്പത്തിക വർഷത്തിൽ രണ്ടു ലക്ഷം രൂപ പഞ്ചായത്ത് ഇതിനായി മാറ്റിവെച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ പറഞ്ഞു.
വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ തോക്കാട്, എടോളി, പച്ചാണി, കൂത്തമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ഒന്ന് വ്യാഴം രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 മണി വരെയും കായപൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വെള്ളോറ, വെള്ളോറ ടവർ, ചെക്കികുണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും കടേക്കര, നടുവിലേക്കുനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തവിടിശ്ശേരി നോര്‍ത്ത് ട്രാന്‍സ്ഫോര്‍മറുകളില്‍ ഡിസംബര്‍ ഒന്നിന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇല്ലത്ത് വളപ്പില്‍, ഹാജിമുക്ക്, മേപ്പോയില്കാവ്, വോഡാഫോണ്‍ കോട്ടൂര്‍, ആശാരിക്കുന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്നിന് രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയും കാടാച്ചിറ എച്.എസ്, റിലയന്‍സ് കാടാച്ചിറ, ആടൂര് പാലം, ആടൂര്കനാല്, കോവിലകം, പനോന്നേരി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.