പി ആർ ഡി അറിയിപ്പുകൾ
October 28 | 07:19 PM
സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം
കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍) ബില്ല് സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ പ്രഥമ തെളിവെടുപ്പ് യോഗം നവംബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വയനാട് ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കണ്ണൂര്‍ ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, സംഘടന നേതാക്കൾ , പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. താല്പര്യമുള്ളവര് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വിവരം അറിയിക്കണം. ഫോണ്‍: 0497 2707859.
മന്ത്രി വി എന്‍ വാസവന് 29ന് ജില്ലയില്‍
സഹകരണ-രജിസ്ട്രേഷന്-സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന് ഒക്ടോബര്‍ 29ന് ശനിയാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 29ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ വെള്ളൂര്‍, 11.30ന് മാതോടം,വൈകീട്ട് മൂന്ന് മണിക്ക് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മന്ത്രി പരിപാടിയില്‍ പങ്കെടുക്കുക.
വോട്ടര്‍ ഐഡി ആധാര്‍ ബന്ധിപ്പിക്കല്‍; എല്ലാവരും സഹകരിക്കണം
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനായി വീടുകളിലെത്തുന്ന ബി എല്‍ ഒമാരുമായി മുഴുവന്‍ വോട്ടര്‍മാരും സഹകരിക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ 44 ശതമാനം വോട്ടര്‍മാര്‍ വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണിത്.
ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം 29 ന്
ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം ഒക്ടോബര്‍ 29 ശനി രാവിലെ 10 മണിക്ക് ജില്ല പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേരും.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് പുതുക്കാം. പി എസ് സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ വഴി അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും ഈ വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കുകയും ചെയ്തവര്‍, സ്ഥിരം ജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ രജിസ്ട്രേഷന് റദ്ദായവര്‍ എന്നിവര്‍ക്കാണ് അവസരം. സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളിലെ അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കാനായി യോഗ്യരായവര്‍ രജിസ്ട്രേഷന് കാര്‍ഡും അസ്സല് സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള എന്‍ ഒ സിയും സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ഡിസംബര്‍ 31നകം ഹാജരായി രജിസ്ട്രേഷന് പുതുക്കണം. ഫോണ്‍: 04842312944
കൈത്തറി ഫാഷന്‍ ഷോ: ലോഗോയും പേരും ക്ഷണിച്ചു
ജനുവരിയില്‍ ഏറണാകുളത്ത് നടക്കുന്ന ദേശീയ കൈത്തറി വസ്ത്ര ഫാഷന്‍ ഷോയ്ക്കു വേണ്ടി പേരും ലോഗോയും ക്ഷണിച്ചു. താല്പര്യമുള്ളവര് നവംബര്‍ 15നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജി, കിഴുന്ന പി ഒ, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390. വെബ്സൈറ്റ്: www.iihtkannur.ac.in ഇമെയില്‍: info@iihtkannur.ac.in
ഹരിതവിദ്യാലയം റിയലാറ്റി ഷോ; അപേക്ഷിക്കാം
പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കാനുള്ള ഹരിതവിദ്യാലയം റിയലാറ്റി ഷോയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്ന് മുതലുള്ള സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അവതരിപ്പിക്കാം. പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങൾ നവംബര്‍ നാലിനകം www.hv.kite.kerala.gov.in വഴി അപേക്ഷിക്കണം. കൈറ്റ് വിക്ടേഴ്സ് വഴി ഡിസംബര്‍ മാസത്തിലാണ് സംപ്രേഷണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20 ലക്ഷം രൂപ, 15 ലക്ഷം രൂപ, 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക . അവസാന റൗണ്ടിലെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. ഫോണ്‍: 0497 2705149.
ലഹരി വിരുദ്ധ സന്ദേശ യാത്ര
തളിപ്പറമ്പ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. ക്യാമ്പസില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സുപ്രണ്ട് എ വി ഹരീഷ് കുമാറിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ സിവില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി ആരതി ലഹരി വിരുദ്ധ ക്ലാസ് എടുക്കുകയും ചെയ്തു.
അപേക്ഷ ക്ഷണിച്ചു
2022-23 സാമ്പത്തിക വര്‍ഷത്തെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സപെഷ്യല്‍ പാക്കേജ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ http://www.ssportal.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ മൂന്നിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്/ സാമൂഹ്യ നീതി വകുപ്പ് എന്നിവിടങ്ങളില്‍ രജിസ്ട്രേഷന് നല്കിയ സ്കൂളുകള്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളു. ഫോണ്‍: 0497 2705149.
ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷിക്കാം
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് നവംബര്‍ 19 വരെ അപേക്ഷിക്കാം. പി എസ് സി അംഗീകരിച്ച കോഴ്സിന് 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. 17നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. അപേക്ഷ പ്രിന്‍സിപ്പല്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8547126028, 04734296496.
ഏകദിന സെമിനാര്‍
കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ ഗ്രാമപഞ്ചായത്തംഗങ്ങളെ പങ്കെടുപ്പിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹാളില്‍ നടന്ന സെമിനാറില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ ഡി മഞ്ജുഷ അധ്യക്ഷത വഹിച്ചു. കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് കയര്‍ ഫെഡ് ഓഫ് മാര്‍ക്കറ്റിങ് വിഭാഗം എം പി സനൂപ്, തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം സാധ്യത എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ തലശ്ശേരി ബി ഡി ഒ അഭിഷേക് കുറുപ്പ് എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു മണപ്പാട്ടി, കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ രാധാകൃഷ്ണന്, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത എന്നിവര്‍ സംസാരിച്ചു.
ലേലം
വളപട്ടണം പൊലീസ് സ്റ്റേഷന് പരിസരത്തുള്ള മൂന്ന് പഴയ പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള അവകാശം നവംബര്‍ 24ന് സ്റ്റേഷന് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 277 8100.