പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സ പിഴവില്ലെന്ന് ഐഎംഎ
July 5 | 01:44 PM
പാലക്കാട്: പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സ പിഴവില്ലെന്ന് ഐഎംഎ. ഐഎംഎ പാലക്കാട് ഘടകമാണ് ആശുപത്രി അധികൃതർക്ക് പിഴവുണ്ടായിട്ടില്ലെന്ന് അറിയിച്ചത്.
ശാസ്ത്രീയമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ഡോക്ടർമാർ ചെയ്തിട്ടുണ്ടെന്ന് തങ്ങളുടെ അന്വേഷണത്തിൽ മനസിലായിട്ടുണ്ടെന്നും അതിനാലാണ് ചികിത്സ പിഴവില്ലെന്ന് പറയുന്നതെന്നുമാണ് ഐഎംഎ വ്യക്തമാക്കിയത്.
അമിത രക്തസ്രാവമാണ് ഐശ്വര്യയുടെ മരണകാരണമെന്ന് ഐഎംഎ അധികൃതർ പറഞ്ഞു.
വെസ്റ്റ് യാക്കരയിലെ തങ്കം ആശുപത്രിയിലാണ് തത്തമംഗലം ചെന്പകശേരി സ്വദേശിനിയായ ഐശ്വര്യ (25) പ്രസവത്തെ തുടർന്ന് മരിച്ചത്. ഞായറാഴ്ച രാത്രി ഐശ്വര്യയുടെ കുഞ്ഞ് മരിച്ചിരുന്നു.
വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.