ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരന്
June 21 | 03:22 PM
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഒരു മനുഷ്യ ജീവന് രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിലെത്തിച്ച വൃക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതര ആരോപണമാണ്. കുറ്റം ആരുടെ ഭാഗത്തായാലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരുജീവന് നഷ്ടപ്പെടാന്‍ കാരണം. സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാകില്ല. ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന് വ്യക്തമാക്കി.