അപവാദപ്രചരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്കുള്ള പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
04:34 PM |
January 28
തിരുവനന്തപുരം: സാധാരണക്കാരന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അഭിമാനകരമായ പദ്ധതിയാണ് ലൈഫ് മിഷന് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപവാദപ്രചരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്കുള്ള പദ്ധതി സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2,50, 547 വീടുകള്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. നിര്‍മ്മാണത്തിനായി 8,823. 20 കോടി രൂപയാണ് ചിലവഴിച്ചത്.
ലൈഫ് മിഷന്റെ ഭാഗമായുള്ള ബാക്കിയുള്ള വീടുകളുടെ നിര്‍മാണവും അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പലരും പദ്ധതിയില്‍ നിന്ന് ഒഴിവായിപ്പോയെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ആ അപേക്ഷകള്‍ കൂടി പരിഗണിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്ത് വികസനം എങ്ങനെ വേണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായി രൂപം കൊണ്ട പദ്ധതിയാണ് ലൈഫ്. പദ്ധതിക്ക് നേതൃത്വം കൊടുത്ത എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.