മത്സ്യഫെഡ് അദാലത്ത്: 50 അപേക്ഷകൾ തീർപ്പാക്കി
November 13 | 07:13 AM
കണ്ണൂർ: മത്സ്യഫെഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ജില്ലയിൽ തീർപ്പാക്കിയത് 50 അപേക്ഷകൾ. മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പാ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്. ജില്ലയിൽ ഐ.എഫ്.ഡി.പി. പദ്ധതി വഴി 44 അപേക്ഷകളും ടേം ലോൺ പദ്ധതി വഴി ആറ് അപേക്ഷകളുമാണ് തീർപ്പാക്കിയത്. 26,36,248 ലക്ഷം രൂപയാണ് ഇളവു ചെയ്തത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവഹിച്ചു. കെവി സുമേഷ് എംഎൽഎ അധ്യക്ഷനായി. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശ് ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ടി മനോഹരൻ , ഡയറക്ടർ ബോർഡ് അംഗം സിപി രാംദാസ്, കണ്ണൂർ ഫിഷറീസ് അസി. രജിസ്ട്രാർ സി പി ഭാസ്കരൻ, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം പിഎ രഘുനാഥൻ, വിവിധ തൊഴിലാളി യൂനിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
2020 മാർച്ച് 31 ന് കാലാവധി അവസാനിച്ച വായ്പകളിൽ കുടിശികയുള്ള മത്സ്യത്തൊഴിലാളികൾ, ബന്ധപ്പെട്ട പ്രാഥമിക സംഘം, മത്സ്യഫെഡ് ക്ലസ്റ്റർ പ്രോജക്ട് ഓഫീസുകൾ മുഖേന എത്രയും പെട്ടെന്ന് അപേക്ഷ നൽകി അവസരം പ്രയോജനപ്പെടുണമെന്ന് മത്സ്യഫെഡ് ചെയർമാൻ അറിയിച്ചു.