വൃക്ക കൃത്യസമയത്ത് എത്തിച്ചു, ശസ്ത്രക്രിയ വൈകി രോഗി മരിച്ചു
June 20 | 03:21 PM
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വൃക്ക മാറ്റിവച്ച രോഗി മരിച്ചു. ഇന്നലെ രാജഗിരി ആശുപത്രിയിൽ നിന്നുമെത്തിച്ച കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് (62) മരിച്ചത്. ഡോക്ടേഴ്സിന്റെ അനാസ്ഥയെ തുടർന്ന് ശസ്ത്രക്രിയ വൈകിയിരുന്നു. പൊലീസ് അകമ്പടിയോടെ വൃക്ക തക്ക സമയത്ത് എത്തിച്ചുവെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തതിനാൽ 4 മണിക്കൂർ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളേജിലെത്തി. വൃക്കയുമായി എത്തിയെങ്കിലും വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന് നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു.
ഒടുവില്‍ നാലര മണിക്കൂര്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ തുടങ്ങിയത്.
കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനെ തുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.