പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ വ്യത്യസ്ത പിറന്നാൾ ആഘോഷങ്ങൾ ശ്രദ്ധേയമായി
April 7 | 05:11 PM
കണ്ണൂർ: പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ രണ്ട് വ്യത്യസ്ത പിറന്നാൾ ആഘോഷങ്ങൾ. മുൻ വിദ്യാഭ്യാസ മന്ത്രിയും, പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബിയുടെയും, സിനിമ നടൻ ഹരിശ്രീ അശോകൻ്റെയും പിറന്നാളുകളാണ് ആഘോഷിച്ചത്.
എം.എ.ബേബിയുടെ പിറന്നാൾ ആഘോഷം പിണറായിയുടെ നേതൃത്വത്തിലാണ് നടന്നതെങ്കിൽ, സി.പി.എം സഹയാത്രികനായ അശോകൻ്റെ പിറന്നാൾ കണ്ണുരിലെ സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലാണ് ആഘോഷിച്ചത്.
പാർട്ടി കോൺഗ്രസ്സിനിടെയാണ് പി.ബി.അംഗവും മുൻ മന്ത്രിയുമായ എം.എ.ബേബിയുടെ പിറന്നാൾ ആഘോഷം അപ്രതീക്ഷിതമായി നടന്നത്. ഏപ്രിൽ 5 നായിരുന്നു എം.എ ബേബിയുടെ 68 -ാം പിറന്നാൾ. പാർട്ടി കോൺഗ്രസ്സിന് തലേനാൾ രാത്രി പോളിറ്റ് ബ്യൂറോയ്ക്കിടെ ആയിരുന്നു ആഘോഷം. യോഗം കഴിഞ്ഞ ഉടനെ ബേബിയെ അമ്പരപ്പിച്ച് വേദിയിലെത്തിച്ച പിറന്നാൾ കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബേബിക്ക് നൽകി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയുമടക്കമുള്ളവർ ആഘോഷത്തിൽ പങ്കുചേർന്നു.
അധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായി 1954 ഏപ്രിൽ 5 നാണ് എം.എ ബേബിയുടെ ജനനം. പ്രാക്കുളം എൻ.എസ്.എസ് . ഹൈസ്കൂൾ, കൊല്ലം എസ്.എൻ.കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 32 -ാം വയസ്സിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സഭയിലെത്തുന്ന പ്രായം കുറഞ്ഞവരിലൊരാളായി മാറി. 2006- ൽ കുണ്ടറ നിയമസഭാ മണ്ഡലത്തിൽനിന്ന് ആദ്യമായി ജനവിധി തേടി വിജയിച്ച അദ്ദേഹം വി.എസ് അച്യുതാനന്ദൻ സർക്കാറിൽ വിദ്യാഭ്യാസ - സാംസ്കാരിക മന്ത്രിയായിരുന്നു.
മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഹാസ്യ താരം ഹരിശ്രീ അശോകൻ്റെ പിറന്നാൾ ആഘോഷം നടന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേദിയായ എന്റെ കേരളം മെഗാ എക്സിബിഷന് വേദിയിൽ വെച്ചാണ്.
കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് കണ്ണുരിൽ എത്തിയതായിരുന്നു അശോകൻ. ഇതിനിടെ കലക്ട്രേറ്റ് മൈതാനിയിലെ പ്രദർശനം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു പിറന്നാൾ ആഘോഷം. കേക്ക് മുറിച്ചായിരുന്നു ആഘോഷം. അപ്രതീക്ഷിതമായി പിറന്നാള്‍ ആഘോഷിച്ചതിലുള്ള സന്തോഷം താരവും പങ്കുവെച്ചു. പിണറായി വിജയന് സര്‍ക്കാരിന്റെ തുടര്‍ഭരണം ചരിത്ര സംഭവമാണെന്നും വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ടൂറിസം വകുപ്പ് തയ്യാറാക്കിയ പ്രൊമോഷന് വീഡിയോ കയാക്കത്തോണ്‍ ഹരിശ്രീ അശോകന് റിലീസ് ചെയ്തു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിര്‍ തുടങ്ങിയവർ പങ്കെടുത്തു.