കനത്ത മഴ: എറണാകുളത്ത് വെള്ളക്കെട്ട് രൂക്ഷം, കൊല്ലത്ത് വീടുകൾ തകർന്നു
May 15 | 04:53 PM
കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. എറണാകുളം കളമശ്ശേരിയിൽ 74 വീടുകളിൽ വെള്ളം കയറി. വി ആർ തങ്കപ്പൻ റോഡിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം കൊല്ലത്തെ മൂന്നു വീടുകൾ ഭാഗികമായി തകർന്നു. കൊല്ലത്ത് രണ്ടും പത്തനാപുരത്ത് ഒരു വീടുമാണ് തകർന്നത്.
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൺട്രോൾ റൂമുകൾ തുറന്നു. തിരുവനന്തപുരം ജില്ലാ ഫയർഫോഴ്സ് കൺട്രോൾ റൂം: 0471-233101, 9497920015,101.
1077 എന്ന ടോൾ ഫ്രീ നമ്പറിൽ കൺട്രോൾറൂമിൽ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധിച്ച പ്രശ്നങ്ങൾ 1912 എന്ന നമ്പറിൽ അറിയിക്കാം. ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട തീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടാകാം. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.