കേന്ദ്രവും കേരളവും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണ് ആലപ്പുഴ ബൈപ്പാസ് എന്ന് ജി സുധാകരന്
05:02 PM |
January 28
ആലപ്പുഴ: കേന്ദ്രവും കേരളവും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണ് ആലപ്പുഴ ബൈപ്പാസ് എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ആലപ്പുഴ ബൈപ്പാസിന്റെ ഡിപിആര്‍ തയ്യാറാക്കിയത്. ബൈപാസിന്റെ 15 ശതമാനം പണി അതായത് ഭൂമിയുടെ അടിയിലുള്ള പണികള്‍ അവര്‍ ചെയ്തിരുന്നു. അവരോടു നന്ദി പറയുന്നു. ബാക്കിയുള്ള പണികളാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പൂര്‍ത്തിയാക്കിയത്. 15 ശതമാനം പണി അവര്‍ ചെയ്തിരുന്നില്ലെങ്കില്‍ ബൈപ്പാസ് നിര്‍മാണം ഇനിയും വൈകിയേനെയെന്നും സുധാകരൻ പറഞ്ഞു."174 കോടി വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബൈപ്പാസ് നിര്‍മാണത്തിന് വേണ്ടി ചെലവഴിച്ചു. ഇതിന് പുറമേ റെയില്‍വേയുടെ അനുമതിക്കായി 7.5 കോടി രൂപയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചെലവാക്കിയിട്ടുണ്ട്. ആലപ്പുഴ ബൈപ്പാസ് എല്ലാവരുടേയും വിജയമാണ്. കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും എന്താണ് ഇത് നടക്കാതിരുന്നത്. ഇപ്പോള്‍ കേരളവും കേന്ദ്രവും വ്യത്യസ്ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. അല്ലാതെ ഇപ്പോള്‍ സമരം നടത്തുകയല്ല ചെയ്യേണ്ടത്. പലതരം പ്രശ്നങ്ങളേയും അതിജീവിച്ചുകൊണ്ടാണ് ബൈപ്പാസ് യാഥാര്‍ഥ്യമായത്. ബൈപ്പാസിന് വേണ്ടി 174 കോടിയും അപ്രോച്ച് റോഡിനും റെയില്‍വേ അനുമതിക്കായി 25 കോടിയിലധികവും ചെലവഴിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 200 കോടിയോളം രൂപ സംസ്ഥാനം ചെലവഴിച്ചു. പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എല്ലാവരുടേയും കൂട്ടായ പരിശ്രമമാണ് ബൈപ്പാസ് നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.