എരഞ്ഞോളി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
November 22 | 05:54 AM
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 262 പോയിന്റോടെ നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം ഒന്നാം സ്ഥാനം നേടി. വടക്കുമ്പാട് ലക്കി സ്റ്റാർ ക്ലബ്ബ് , പി പി ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
നവംബർ 12 മുതൽ 20 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 615 പേർ പങ്കെടുത്തു. ഷട്ടിൽ, അത്ലറ്റിക്സ്, ചെസ്സ്, കബഡി, വോളിബോൾ, ക്രിക്കറ്റ്, കമ്പവലി എന്നീ കായിക ഇനങ്ങളും രചന, കലാ മത്സരങ്ങളുമാണ് നടന്നത്. സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി വിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. ആർ എൽ സംഗീത, പഞ്ചായത്തംഗങ്ങളായ എം ബാലൻ, സുശീൽ ചന്ദ്രോത്ത്, യുവജനക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർ പി രജീഷ്, പഞ്ചായത്ത് സെക്രട്ടറി വി എം ഷീജ എന്നിവർ പങ്കെടുത്തു.