ഡൽഹി തീപിടിത്തത്തിൽ 27 പേർ മരിച്ച സംഭവം: 2 പേർ കസ്റ്റഡിയിൽ
May 14 | 05:16 PM
ന്യൂഡൽഹി: ഡൽഹിയിൽ മൂന്നു നില കെട്ടിടത്തിൽ തീപ്പിടിച്ചു 27 പേർ മരിച്ച സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ. സിസിടിവി കാമറകളുടെയും റൂട്ടർ നിർമാണ, അസംബ്ലിംഗ് കമ്പനിയുടെയും ഓഫീസ് പ്രവർത്തിക്കുന്ന ഒന്നാം നിലയിൽനിന്നാണ് തീപിടിത്തമുണ്ടായത്.
കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കെട്ടിട ഉടമ മനീഷ് ലക്രയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ര മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
തീപിടിത്തം നടക്കുമ്പോൾ രണ്ടാം നിലയിൽ മോട്ടിവേഷണൽ സ്പീച്ച് പരിപാടി നടക്കുകയായിരുന്നു. നിരവധി പേർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിനാൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് ഈ നിലയിലാണ്. ഒന്നാം നിലയിൽ ഓഫീസ് പ്രവർത്തിക്കുന്ന കമ്പനിയിലെ 50 ലധികം ജീവനക്കാരെ രക്ഷപ്പെടുത്തി.