ജലാഞ്ജലി-നീരുറവ് പദ്ധതി: സംസ്ഥാനതല പ്രഖ്യാപനം 24ന്
November 23 | 05:34 AM
കണ്ണൂർ: നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം പേരാവൂരിൽ നടക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 24ന് വൈകീട്ട് അഞ്ച് മണിക്ക് പേരാവൂർ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപനം നിർവ്വഹിക്കും. ബ്ലോക്കിലെ മുഴുവൻ നീർത്തടങ്ങൾക്കും സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പേരാവൂർ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിക്കും.
നീരുറവ്-ജലാജ്ഞലി എന്ന പേരിൽ ഹരിത കേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി അവയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പടെ അനുയോജ്യമായ പരിപാലന പ്രവൃത്തികൾ നടത്തുന്ന സമഗ്ര രേഖയാണ് തയ്യാറാക്കുക. പേരാവൂർ ബ്ലോക്കിലെ 70 നീർത്തടങ്ങളുടെ സമഗ്ര രേഖയാണ് ഇതിനകം തയ്യാറാക്കിയത്. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി സുരേന്ദ്രൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവരും പങ്കെടുത്തു