ചെറുകുന്ന് ഗവ. ഗേൾസ് വി എച്ച് എസ് എസ് കെട്ടിടം നാടിന് സമർപ്പിച്ചു
November 29 | 12:35 AM
കണ്ണൂർ: ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം ഒരുക്കിയത്.
ഹൈസ്കൂൾ ബ്ലോക്കിൽ താഴത്തെ നിലയിൽ ആറ് ക്ലാസ് മുറികൾ, ലാബ്, സ്റ്റോർ റൂം, ഒന്നാം നിലയിൽ നാല് ക്ലാസ് മുറികൾ എന്നിവയാണുള്ളത്. ഇരുനിലകളിലും മൂന്നു ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഇരുവശത്തും ഗോവണികൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങൾ, റാമ്പ്, മുൻഭാഗത്ത് ഇന്റർലോക്ക് ടൈൽസ്, കെട്ടിടത്തിന് ആവശ്യമായ ജലവിതരണ സംവിധാനം എന്നിവ ഒരുക്കി. പൊതുമേഖല സ്ഥാപനമായ വാപ്കോസ് ലിമിറ്റഡ് ആണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. വാപ്കോസ് ലിമിറ്റഡ് പ്രൊജക്ട് മാനേജർ അബ്ദുൾ നാസർ പനോളി റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗൻ, കണ്ണപുരം പഞ്ചായത്തംഗം എ വി പ്രഭാകരൻ, സംഘാടക സമിതി ചെയർമാൻ എൻ ശ്രീധരൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ പി വി പ്രദീപൻ, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ്, മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം വി രാധാകൃഷ്ണൻ ,മാടായി ബിപിസി എം വി വിനോദ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ എ പി രജ്ന, സ്റ്റാഫ് സെക്രട്ടറി കെ മനോജ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം വി റീന എന്നിവർ സംസാരിച്ചു.