അഗ്നിപഥിനെതിരെ ഡല്‍ഹിയില്‍ ഡിവൈഎഫ്ഐ മാര്‍ച്ചിൽ സംഘർഷം
June 19 | 05:01 PM
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ്
എ.എ. റഹീം എംപിയുടെ നേതൃത്വത്തിൽ ജന്ദർമന്ദറിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റിന് സമീപത്ത് വച്ച് പോലീസ് തടയുകയായിരുന്നു.
വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. എ.എ. റഹീമിനെ പോലീസ് റോഡിലേക്ക് തള്ളിയിട്ടു. താൻ പാർലമെന്റ് അംഗമാണെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും പോലീസ് വകവച്ചില്ല.
മാധ്യമപ്രവർത്തകർക്ക് നേരെയും പോലീസ് അതിക്രമമുണ്ടായി. കൈരളി ടിവി റിപ്പോർട്ടറെ കൈയേറ്റം ചെയ്തു. മനോരമ ടിവി റിപ്പോർട്ടറെ പോലീസ് നിലത്ത് തള്ളിയിട്ടു. ഇതോടെ മാധ്യമപ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.